ന്യൂഡല്‍ഹി: ജീവനക്കാരുടെ ബത്ത 20% മുതല്‍ 50% വരെ കുറയ്ക്കാന്‍ ഉത്തരവിറക്കി എയര്‍ഇന്ത്യ. ഈ വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ തന്നെ ഇത് പ്രാബല്യത്തിലുണ്ടെന്നും ഉത്തരവില്‍ പറയുന്നു. ഒരു മാസത്തില്‍ ഏത്ര മണിക്കൂര്‍ വിമാനം പറത്തിയോ അതിനെ അടിസ്ഥാനമാക്കി ഫ്‌ളൈയിങ് അലവന്‍സ് നല്‍കുമെന്നും ഉത്തരവിലുണ്ട്.
വേതനം വെട്ടിക്കുറയ്ക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം ഇന്ത്യന്‍ കൊമേഴ്ഷ്യല്‍ പൈലറ്റ് അസോസിയേഷന്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
പ്രതിമാസം 25,000 രൂപയില്‍ കൂടുതല്‍ ശമ്പളമുള്ള ജീവനക്കാരുടെ പ്രതിമാസ ബത്ത 50 ശതമാനം വരെ എയര്‍ ഇന്ത്യ കുറച്ചിട്ടുണ്ട്. അതേ സമയം അടിസ്ഥാന ശമ്പളവും ഐഡിഎ, വീട്ടുവാടക ബത്തയും മാറ്റമില്ലാതെ തുടരുമെന്നും ബുധനാഴ്ച ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്ക് 20 ശതമാനം അലവന്‍സാണ് വെട്ടിക്കുറച്ചിട്ടുള്ളത്.
കൊറോണ വൈറസ് മഹമാരിയെ തുടര്‍ന്നുള്ള യാത്രാ നിയന്ത്രണങ്ങള്‍ വ്യോമയാന മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് രാജ്യത്തെ മിക്ക വിമാന കമ്പനികളും ശമ്പളം വെട്ടിക്കുറയ്ക്കല്‍, പിരിച്ചുവിടല്‍, ശമ്പളമില്ലാതെ അവധി തുടങ്ങിയ നടപടികള്‍ സ്വീകരിച്ചുവരികയാണ്.