gnn24x7

കൊറോണ വൈറസ് ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് ആന്ധ്ര സ്വദേശി ആത്മഹത്യ ചെയ്തു

0
238
gnn24x7

ചിറ്റൂര്‍: കൊറോണ വൈറസ് ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് ആന്ധ്ര സ്വദേശി ആത്മഹത്യ ചെയ്തു. ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയിലാണ് സംഭവം.

കൊറോണ വൈറസിന് സമാനമായ ചില രോഗലക്ഷണങ്ങള്‍ ഇദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന് യഥാര്‍ത്ഥത്തില്‍ കൊറോണ വൈറസ് ബാധ ഉണ്ടായിരുന്നില്ല. ഇക്കാര്യം ഡോക്ടര്‍ തന്നെ അദ്ദേഹത്തോട് വിശദീകരിച്ചിരുന്നു.

എന്നല്‍ ചില മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും മറ്റുള്ള ആളുകളുമായി ഇടപെടരുതെന്നും ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു.

അണുബാധ ഉണ്ടാവാതിരിക്കാന്‍ പ്രത്യേക മാസ്‌ക് ധരിക്കണമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങളായിരുന്നു ഡോക്ടര്‍ ഇദ്ദേഹത്തോട് വിശദീകരിച്ചത്.

എന്നാല്‍ ഡോക്ടറില്‍ നിന്നും ഇത്തരം നിര്‍ദേശങ്ങള്‍ ലഭിച്ചതോടെ ഇദ്ദേഹം വളരെ അസ്വസ്ഥനായിരുന്നു. തനിക്ക് കൊറോണ വൈറസ് ബാധയുണ്ടെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു ആത്മഹത്യയെന്ന് ദ ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.

പിതാവ് അസ്വസ്ഥനായിരുന്നെന്നും കൊറോണ വൈറസ് ബാധ ഉള്ളതായി അദ്ദേഹം ഉറച്ചുവിശ്വസിച്ചിരുന്നതായും മകന്‍ പറഞ്ഞു. ‘കൊറോണ വൈറസ് മറ്റുള്ളവരിലേക്കും വരാതിരിക്കാന്‍ താന്‍ മരിക്കുകയാണ് നല്ലതെന്ന് അദ്ദേഹം പറയുമായിരുന്നു. താന്‍ കാരണം മറ്റുള്ളവരുടെ ജീവന് കൂടി അപകടം ഉണ്ടാകരുതെന്ന ചിന്തയാണ് ഇത്തരമൊരു ആത്മഹത്യയിലേക്ക് പിതാവിനെ നയിച്ചതെന്നും’ മകന്‍ പറഞ്ഞു.

കഴിഞ്ഞയാഴ്ച ചൈനയില്‍ നിന്നും 324 പേരെയാണ് എയര്‍ഇന്ത്യാ വിമാനത്തില്‍ ഇന്ത്യയില്‍ എത്തിച്ചത്. ഇതില്‍ 56 പേര്‍ ആന്ധ്രസ്വദേശിയാണ്. 53 പേര്‍ തമിഴ്‌നാട് സ്വദേശികളും 42 പേര്‍ കേരളത്തില്‍ നിന്നുള്ളവരുമാണ്.

കൊറോണ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ആളുകളെ പരിചരിക്കുന്ന ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ ജീവനക്കാര്‍ക്കും 50000 പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ എക്യുപ്‌മെന്റ് കിറ്റുകള്‍ കേന്ദ്രആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം നല്‍കിയിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here