ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഹന്ദ്വാരയില്‍ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു കേണല്‍ ഉള്‍പ്പെടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. രണ്ട് ഭീകരരെ വധിച്ചതായി സൈന്യം അറിയിച്ചു. കൊല്ലപ്പെട്ട നാല് പേര്‍ കരസേനാംഗങ്ങളാണ്. ഒരാള്‍ ജമ്മു കശ്മീര്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടറാണ്.
ഹന്ദ്വാരയിലെ വീട്ടില്‍ നുഴഞ്ഞുകയറിയ ഭീകരര്‍ ബന്ദികളാക്കിയവരെ രക്ഷപ്പെടുത്താനുള്ള ദൗത്യമായിരുന്നു സേനയുടെ 21 രാഷ്ട്രീയ റൈഫിള്‍സ് യൂണിറ്റ് ഏറ്റെടുത്തത്.
ഇന്നലെ വൈകിട്ടാണ് ഹന്ദ്വാരയിലെ ഗ്രാമത്തില്‍ തീവ്രവാദികള്‍ ഉണ്ടെന്ന സൂചന സൈന്യത്തിന് ലഭിച്ചത്. ഇതേ തുടര്‍ന്ന് സൈന്യവും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായി തിരച്ചില്‍ നടത്തുന്നതിനിടെ സൈന്യത്തിന് നേരെ വെടിവെപ്പ് ഉണ്ടാവുകയായിരുന്നു.
ഉടന്‍ തന്നെ പ്രദേശവാസികളെ ഒഴിപ്പിച്ച ശേഷം സൈന്യം നടത്തിയ നീക്കത്തിലാണ് രണ്ട് ഭീകരരെ വധിച്ചത്. തുടര്‍ന്ന് വീട്ടിനുള്ളില്‍ ബന്ദികളാക്കിയവരെ സൈന്യം രക്ഷിച്ചു.
കമാന്റിങ് ഓഫീസര്‍ കൂടിയായ കേണല്‍ അശുതോഷ് ശര്‍മയാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. ആക്രമണത്തില്‍ കൊല്ലപ്പെട്ട മറ്റ് മൂന്ന് പേര്‍ മേജര്‍ അനൂജ് സൂദ്, നായിക് രാകേഷ്, ലാന്‍സ് നായിക് ദിനേഷ് എന്നിവരാണ്.
കൊല്ലപ്പെട്ട കേണല്‍ അശുതോഷ് ശര്‍മ നിരവധി ഭീകരവിരുദ്ധ ഓപ്പറേഷനുകളുടെ ഭാഗമായിട്ടുള്ള ഉദ്യോഗസ്ഥനാണെന്ന് ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു.