ന്യൂഡൽഹി: കോവിഡിനെ നേരിടുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പൂർണ പരാജയമാണെന്ന് എഴുത്തുകാരി അരുന്ധതി റോയ്. മാധ്യമപ്രവര്‍ത്തകനായ താരിഖ് അലി, ബ്രിട്ടിഷ് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ എന്നിവരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിലാണ് അരുന്ധതി റോയ് കേന്ദ്ര സർക്കാരിനെതിരെ രംഗത്തുവന്നത്. ലോക്ഡൗണിനു പിന്നാലെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതടക്കം ചൂണ്ടിക്കാട്ടിയാണ് അരുന്ധതിയുടെ വിമർശനം.
രാജ്യത്തിന്റെ സാമ്പത്തിക രംഗം പൂർണമായും തകരുകയും വൈറസ് വ്യാപനം വർധിക്കുകയുമാണ് ചെയ്തത്. അതിഥി തൊഴിലാളികൾ നഗരങ്ങളിൽ കുടുങ്ങിപ്പോയി, അവർ ഒന്നുമില്ലാതെ വീടുകളിലേക്കു മടങ്ങേണ്ടി വന്നു. ലോക്ഡൗൺ എടുത്തുമാറ്റിയതിനു ശേഷം ഇന്ത്യയിലേതു പോലെ മറ്റൊരിടത്തും കോവിഡ് ഗ്രാഫ് ഇങ്ങനെ കുത്തനെ ഉയർന്നിട്ടില്ലെന്നും അരുന്ധതി റോയ് കുറ്റപ്പെടുത്തി.കോവിഡ് വ്യാപനം തുടങ്ങിയപ്പോൾ തന്നെ വിമാനത്താവളങ്ങളിൽ അടച്ചിടേണ്ടിയിരുന്നു. എന്നാൽ വിമാനത്താവളങ്ങൾ എല്ലാം തുറന്നു പ്രവർത്തിച്ചു. നമസ്‌തേ ട്രംപ് പരിപാടിക്കായി ആയിരങ്ങളാണ് യുഎസില്‍ നിന്ന് ഇന്ത്യയിലെത്തിയതെന്നും അരുന്ധതി കൂട്ടിച്ചേർത്തു.
ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചതിനു ശേഷവും ഇവിടെ ഒന്നും മാറിയില്ല. ജനങ്ങൾക്ക് ആവശ്യമായ സമയം നൽകാതെ നടപ്പിലാക്കിയ ലോക്ഡൗണ്‍ ലോകത്തിലെ ഏറ്റവും ശിക്ഷാർഹമായ ലോക്ഡൗണുകളിൽ ഒന്നാണെന്നും അവർ പറഞ്ഞു. കോവിഡ് പടരുമ്പോഴും സിഎഎ പ്രക്ഷോഭകരെ അറസ്റ്റ് ചെയ്യാനായിരുന്നു കേന്ദ്രസർക്കാർ ശ്രദ്ധിച്ചതെന്നും അവർ കുറ്റപ്പെടുത്തി. ഇതിനിടെ, ലോക്ഡൗണില്‍ നിന്ന് പുറത്തുകടക്കാനുള്ള ആദ്യഘട്ട ഇളവുകള്‍ തിങ്കളാഴ്ച പ്രാബല്യത്തിലാകാനിരിക്കെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ രോഗികളായത് 9,971 പേര്‍. ഇന്ത്യ സ്പെയിനിനെ മറികടന്ന് ലോകരാജ്യങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി.









































