ന്യൂഡൽഹി: ഫേസ്ബുക്കിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ അസമിലെ കേളജ് അധ്യാപകൻ അറസ്റ്റിൽ. വിദ്യാർഥികളുടെ പരാതിയെ തുടർന്ന് ഗുരുചരണ്‍ കോളജിലെ ഗസ്റ്റ് ലക്ചറായ സൗരദീപ് സെന്‍ ഗുപ്തയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രധാനമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുകയും വര്‍ഗീയ അതിക്രമത്തിന് പ്രേരിപ്പിക്കുകയും ചെയ്തെന്നാണ് പരാതി.
ഡൽഹി കലാപത്തിന്റെ പശ്ചാത്തലത്തിൽ ഫേസ്ബുക്കിലിട്ട കുറിപ്പെനെതിരെയാണ് വിദ്യാർഥികൾ പരാതി നൽകിയത്. ഗുജറാത്ത് കലാപം തലസ്ഥാനത്ത് പുനഃരാവിഷ്‌ക്കരിക്കാനാണ് ചില വിഭാഗം ശ്രമിക്കുന്നതെന്നായിരുന്നു കുറിപ്പ്. ഇത് വിവാദമായതോടെ സെന്‍ഗുപ്ത പോസ്റ്റ് പിന്‍വലിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു.
ഒരു സംഘം വിദ്യാർഥികൾ സെന്‍ഗുപ്തയുടെ വീട്ടിലെത്തി കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്നും ഇതേക്കുറിച്ച് പരാതി നൽകാൻ സ്റ്റേഷനിൽ എത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നും അധ്യാപന്റെ ബന്ധുക്കൾ ആരോപിച്ചു.






































