കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ BJP നേതാവ് തൂങ്ങി മരിച്ച നിലയിൽ. ഹെംതാബാദ് എംഎല്‍എ ദേബേന്ദ്രനാഥ് റോയിയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഹെംതാബാദിലെ ഒരു കടയോട് ചേര്‍ന്നാണ് റോയിയെ തൂങ്ങിയ മരിച്ച നിലയില്‍ കണ്ടതെന്ന് പോലീസ് പറയുന്നു. ഇദ്ദേഹത്തിന്‍റെ വീടും ഇതിന് അടുത്താണ്.
രാത്രി ഒരുമണിക്ക് ഒരു സംഘം ആളുകള്‍ ദേബേന്ദ്രനാഥ് റോയിയുടെ വീട്ടിലെത്തിയിരുന്നു. ഇവര്‍ക്കൊപ്പം അദ്ദേഹം പുറത്തേക്ക് പോയിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. രാവിലെയാണ് കടയുടെ വരാന്തയില്‍ തൂങ്ങിയ മരിച്ച നിലയില്‍ അദ്ദേഹത്തിന്‍റെ മൃതദേഹം കണ്ടത്. ആദ്യം കണ്ടവര്‍ തന്നെ പോലീസിനെ വിവരം അറിയിച്ചു.
സിപിഐഎമ്മിന്‍റെ പട്ടിക വിഭാഗം സംവരണ സീറ്റിൽ നിന്ന് മത്സരിച്ച് വിജയിച്ച ദേബേന്ദ്രനാഥ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് ബിജെപിയിലേക്ക് കളം മാറ്റി ചവിട്ടിയത്.
ദേബേന്ദ്രനാഥ് റോയിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്ന് ബിജെപി ആരോപിച്ചു. നാട്ടുകാര്‍ ഇക്കാര്യം ശരിവയ്ക്കുന്നുവെന്നും ബംഗാള്‍ ബിജെപി ട്വീറ്റ് ചെയ്തു. സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നതാണോ അദ്ദേഹം ചെയ്ത തെറ്റ് എന്നും സംസ്ഥാന നേതൃത്വം ചോദിച്ചു.
നേതാക്കളെ കൊലപ്പെടുത്തിയാല്‍ ബംഗാളിലെ ബിജെപി ഇല്ലാതാകില്ലെന്ന് സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ബിജെപി നേതാവ് കൈലാഷ് വിജയവര്‍ഗിയ പ്രതികരിച്ചു.
ബിജെപിയുടെ ആരോപണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.