ന്യൂഡൽഹി: വർഷാവസാനത്തോടെ രാജ്യാന്തര വിമാന സർവീസുകൾ സാധാരണ നിലയിലാകുമെന്നു പ്രതീക്ഷിക്കുന്നതായി വ്യോമയാന മന്ത്രാലയ സെക്രട്ടറി രാജീവ് ബൻസാൽ അറിയിച്ചു.
രാജ്യാന്തര വിമാന സർവീസുകൾ സാധാരണ നിലയിലാക്കുന്നതിനുള്ള പ്രവർത്തനങ്ങള്‍ സർക്കാർ വിലയിരുത്തുകയാണെന്നു കഴിഞ്ഞയാഴ്ച കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കിയിരുന്നു. സാധാരണ നിലയിലേക്കു മടങ്ങാൻ സർക്കാർ ആഗ്രഹിക്കുന്നുവെങ്കിലും ചില യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കോവിഡിന്റെ പുതിയ തരംഗത്തിനെതിരെ ജാഗ്രത പാലിക്കാൻ നടപടികൾ കൈക്കൊള്ളുമെന്ന് ജ്യോതിരാദിത്യ പറഞ്ഞു.
രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞ വർഷം മേയിലാണു കേന്ദ്ര സർക്കാർ ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിച്ചത്. രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള തയാറെടുപ്പെന്ന നിലയിൽ, കോവിഡിന്റെ പശ്ചാത്തലത്തിൽ താൽക്കാലികമായി നിർത്തിവച്ചിരുന്ന ടൂറിസ്റ്റ് വീസ അനുവദിക്കുന്നതു പുനരാരംഭിക്കുമെന്ന് സർക്കാർ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.







































