ബെംഗളൂരു : പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് രാഹുല്‍ ഗാന്ധിയെ സംവാദത്തിന് വെല്ലുവിളിച്ച് അമിത് ഷാ. രാഹുല്‍ ആദ്യം നിയമഭേദഗതി മുഴുവന്‍ വായിക്കണം. എന്തെങ്കിലും പ്രശ്നം കണ്ടാല്‍ രാഹുലിനു സംവാദത്തിന് അവസരമൊരുക്കാം. പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി രാഹുലുമായി സംവാദം നടത്തുമെന്നും അമിത് ഷാ പറഞ്ഞു.
സിഎഎ ദലിത് വിരുദ്ധ നിയമം എന്നു വിശേഷിപ്പിക്കുന്നവരെ രൂക്ഷമായി വിമർശിച്ച ഷാ, മുസ്‌ലിംകളുടെ പൗരത്വം കവർന്നെടുക്കുന്ന ഒരു ഉപാധിയും നിയമത്തിൽ ഇല്ലെന്നും കോൺഗ്രസും രാഹുൽ ഗാന്ധിയും ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും ആരോപിച്ചു. ‘ഞാൻ രാഹുൽ ഗാന്ധിയെ വെല്ലുവിളിക്കുന്നു, സിഎഎ പൂർണ്ണമായും വായിക്കുക, അതില്‍ ഇന്ത്യൻ മുസ്‌ലിംകളുടെ പൗരത്വം കവർന്നെടുക്കുന്ന എന്തെങ്കിലും നിങ്ങൾ കണ്ടെത്തിയാൽ …. പ്രഹ്ലാദ് ജോഷി നിങ്ങളുമായി ചർച്ച ചെയ്യാൻ തയാറാണ്.’ – അമിത് ഷാ പറഞ്ഞു. മതത്തിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് രാജ്യത്തെ ഭിന്നിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ബിജെപിയുടെ രാജ്യവ്യാപക റാലിയായ ‘ജൻ ജാഗരൺ അഭിയാനിൽ’ കർണാടകയിലെ ഹുബ്ലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. കോൺഗ്രസ്, കമ്യൂണിസ്റ്റ് പാർട്ടി, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, ജെഡിഎസ്, ബിഎസ്പി, എസ്പി എന്നിവരാണ് വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, നിരവധി ബിജെപി നേതാക്കളും റാലിയിൽ പങ്കെടുത്തു.