ഭുവനേശ്വർ: കൊണാർക്കിലെ സൂര്യക്ഷേത്രവും കൊണാർക്ക് നഗരവും പൂർണ്ണമായും സൂര്യ നഗരമാക്കാൻ മോദി സർക്കാർ ഒരുങ്ങുന്നു. പ്രദേശത്തെ മുഴുവനും സൗരോർജ്ജവത്കരിക്കാനാണ് സർക്കാരിന്റെ പദ്ധതി.
സൗരോർജ്ജ ഉപയോഗം പ്രോത്സാഹിപ്പിക്കാനുള്ള പ്രവർത്തനത്തിന്റെ ഭാഗമായുള്ള ഈ പദ്ധതിയെ സംബന്ധിച്ച് കേന്ദ്ര ഊർജ്ജമന്ത്രാലയം പത്രക്കുറിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
കൊണാർക്കിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത് പത്ത് മെഗാവാട്ട് സൗരോർജ്ജ ഗ്രിഡ് ആണ്. കേന്ദ്ര സർക്കാർ ആണ് പദ്ധതിയുടെ മുഴുവൻ ചെലവും ഏറ്റെടുത്തിരിക്കുന്നത്. പദ്ധതി ഒഡീഷ സർക്കാരിന്റെ നേതൃത്വത്തിലായിരിക്കും. ഈ പദ്ധതി അനുസരിച്ച് കൊണാർക്ക് നഗരത്തിൽ പൂർണ്ണമായും സൗരോർജ്ജം മാത്രമായി ഉപയോഗിക്കാൻ കഴിയും.
മോദി സർക്കാരിന്റെ ലക്ഷ്യം 2022 ഓടെ ഒരു ലക്ഷം മെഗാവാട്ട് സോളാർ ഗ്രിഡുകൾ രാജ്യത്ത് സ്ഥാപിക്കാനാണ്. 2019 ഒക്ടോബർ വരെ 31696 മെഗാവാട്ട് ആയിട്ടുണ്ട്.






































