കോവിഡ് രോഗികള്‍ക്ക് ഡെക്‌സമെത്തസോണ്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി കേന്ദ്രം.
മിഥൈല്‍പ്രെഡ്‌നിസൊളോണ്‍ എന്ന മരുന്നിനു പകരമായി ഡെക്‌സമെത്തസോണ്‍ ഉപയോഗിക്കാം എന്നാണ് കേന്ദ്ര൦ നല്‍കിയിരിക്കുന്ന നിര്‍ദേശത്തില്‍ പറയുന്നത്. വിലക്കുറഞ്ഞ സ്റ്റിറോയ്ഡ് മരുന്നാണ് ഡെക്‌സമെത്തസോണ്‍. ‘ക്ലിനിക്കല്‍ മാനേജ്മെന്‍റ് പ്രോട്ടോകോള്‍ ;കൊവിഡ് 19’ന്‍റെ പരിഷ്കരിച്ച പതിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള മാര്‍ഗനിര്‍ദേശം എന്ന നിലയിലാണ് ‘ക്ലിനിക്കല്‍ മാനേജ്മെന്‍റ് പ്രോട്ടോകോള്‍ ;കൊവിഡ് 19’ തയാറാക്കിയിരിക്കുന്നത്. മണവും രുചിയും നഷ്ടപ്പെടുന്നത് പുതിയ കൊറോണ ലക്ഷണമായി ഈ മാര്‍ഗനിര്‍ദേശത്തില്‍ ചേര്‍ത്തിട്ടുണ്ട്.
ഓക്സിജന്‍ സഹായം ആവശ്യമായവര്‍ക്കും, അമിതമായ കോശജ്വലന പ്രതികരണം ഉള്ളവര്‍ക്കു൦ dexamethasone നല്‍കാം. എന്നാല്‍, ഗുരുതരമായ രോഗമുള്ളവര്‍ക്ക് വൈദ്യനിരീക്ഷണത്തിനു കീഴില്‍ വേണം ഈ മരുന്ന് നല്‍കാനെന്നു WHO വ്യക്തമാക്കിയിട്ടുണ്ട്.
എല്ലായിടത്തും വ്യാപകമായി ലഭ്യമായ ഡെക്സാമെത്തസോണ്‍(dexamethasone) രോഗം ഭേദമാകാന്‍ സഹായകമാണെന്നാണ് ബ്രിട്ടീഷ് ഗവേഷകര്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനു ശേഷം, Dexamethasone ഉത്പാദനം വര്‍ധിപ്പിക്കാന്‍ ലോകാരോഗ്യ സംഘടനയും ആഹ്വാനം ചെയ്തിരുന്നു.
വിലകുറഞ്ഞ ഈ മരുന്ന് കുറഞ്ഞ അളവില്‍ കഴിക്കുന്ന കൊറോണ ബാധിതരുടെ ജീവന്‍ രക്ഷിക്കാന്‍ സഹായകമാണെന്നായിരുന്നു കണ്ടെത്തല്‍. മരണനിരക്ക് കുറയ്ക്കുന്നുവെന്ന് കണ്ടെത്തിയ ആദ്യ മരുന്നാണിതെന്നും വായിലൂടെ കഴിക്കാവുന്നതിനാല്‍ ഇത് IV ആയി ഉപയോഗിക്കാമെന്നും ഗവേഷകര്‍ പറഞ്ഞിരുന്നു.
ഗുരുതരമായി രോഗം ബാധിച്ച രോഗികളിലെ മരണനിരക്ക് മൂന്നിലൊന്നായി കുറഞ്ഞു. 2,104 രോഗികള്‍ക്കാണ് ഈ മരുന്ന് നല്‍കിയത്. മരുന്ന് നല്‍കാത്ത 4,321 പേരുടെ ചികിത്സാ ഫലവുമായി ഇത് താരതമ്യപ്പെടുത്തി.
പിന്നീട് 28 ദിവസങ്ങള്‍ക്ക് ശേഷം ഫലം പരിശോധിച്ചപ്പോള്‍ വെന്‍റിലേറ്റര്‍ ഉപയോഗിച്ച രോഗികളില്‍ മരണനിരക്ക് 35 ശതമാനമായി കുറഞ്ഞു. ഓക്സിജന്‍ മാത്രം നല്‍കിയവരുടെ മരണനിരക്ക് 20 ശതമാനമായും കുറഞ്ഞു. ജീവന്‍ രക്ഷിക്കുന്നതിനു പുറമേ ചികിത്സാ ചിലവും ഇതിലൂടെ കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തല്‍.
കൊറോണ വൈറസ് വ്യാപനം ആരംഭിച്ചത് മുതല്‍ ഈ മരുന്ന് നല്‍കിയിരുന്നെങ്കില്‍ യുകെയില്‍ 5000 പേരുടെയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നു എന്നാണ് ഗവേഷകര്‍ പറഞ്ഞത്. ഓക്സ്ഫോര്‍ഡ് സര്‍വകലാശാല പ്രൊഫസര്‍ മാര്‍ട്ടിന്‍ ലാന്‍ട്രേയുടെ നേതൃത്വത്തിലായിരുന്നു കണ്ടെത്തല്‍.








































