ന്യൂദല്‍ഹി: ഗള്‍ഫില്‍ നിന്നുമുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് ഇന്ത്യയിലേക്കെത്താന്‍ അനുമതി നല്‍കി കേന്ദ്രം. വിമാനം ചാര്‍ട്ട് ചെയ്ത് ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുമതി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനമായത്.
ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യോമയാന മന്ത്രാലയത്തിന് അനുമതി നല്‍കി.
വിവിധ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന ധനികരായ ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്കെത്താന്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കുള്ള അനുമതിയോ സ്വകാര്യ വിമാനങ്ങളില്‍ വരാനുള്ള അനുമതിയോ നല്‍കണമെന്നാവശ്യപ്പെട്ട് നിരവധി അപേക്ഷകള്‍ കേന്ദ്ര സര്‍ക്കാരിന് ലഭിച്ചിരുന്നു.
മുംബൈ, ഹൈദരാബാദ്, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലേക്ക് വിമാനം ചാര്‍ട്ട് ചെയ്ത് എത്താനുള്ള അനുമതി ചോദിച്ചു കൊണ്ടുള്ള അപേക്ഷകളാണ് അധികവും കേന്ദ്ര ആഭ്യന്തര വകുപ്പിന് ലഭിച്ചത്. എന്നാല്‍ സ്വകാര്യ വിമാനത്തിലെത്താനുള്ള അനുമതി വ്യക്തികള്‍ക്ക് നല്‍കില്ലെന്ന് അന്ന് സര്‍ക്കാര്‍ വ്യക്തമാക്കുകയായിരുന്നു.
അതേസമയം മറ്റു രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന പ്രവാസികളുമായി കേരളത്തിലേക്കുള്‍പ്പെട 12 വിമാനങ്ങളാണ് ഇന്ന് ഇന്ത്യയിലേക്ക് എത്തുന്നത്. വന്ദേഭാരത് ദൗത്യത്തിന്റെ രണ്ടാംഘട്ടത്തില്‍ 106 വിമാനങ്ങളാണ് സര്‍വീസ് നടത്തുക.
കേരളത്തിലേക്ക് 31 വിമാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗള്‍ഫില്‍ നിന്നും കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് കൂടുതല്‍ വിമാന സര്‍വ്വീസുകളും നടത്തുന്നുണ്ട്.