ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷത്തില്‍ 40 ചൈനീസ് സൈനീകര്‍ കൊല്ലപ്പെട്ടതായി കേന്ദ്രമന്ത്രിയും മുന്‍ കരസേന മേധാവിയുമായ ജനറല്‍ വികെ സിംഗ്.
ഇന്ത്യയ്ക്ക് 20 സൈനീകരെയാണ് നഷ്ടപ്പെട്ടതെങ്കില്‍ ചൈനയ്ക്ക് അതിന്‍റെ ഇരട്ടി സൈനികരെ നഷ്ടമായെന്നാണ് അദ്ദേഹം പറയുന്നത്. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ കാര്യത്തില്‍ ആദ്യമായാണ് കേന്ദ്രത്തില്‍ നിന്നും ഒരാള്‍ ഔദ്യോഗിക വിശദീകരണ൦ നല്‍കുന്നത്.
1962ലുണ്ടായ യുദ്ധത്തില്‍ ചൈനയ്ക്കുണ്ടായ നഷ്ടങ്ങള്‍ മറച്ചുവച്ച അവര്‍ ഈ സംഘര്‍ഷത്തിലെ നഷ്ടങ്ങളും മറച്ചുവയ്ക്കുകയാണ്. ചൈനീസ് ഭരണകൂട൦ ഒരിക്കലും അത് തുറന്നുപറയാന്‍ പോകുന്നില്ല. -അദ്ദേഹം പറഞ്ഞു.
കൂടാതെ, സംഘര്‍ഷ സമയത്ത് അതിര്‍ത്തി കടന്ന ചൈനീസ് സൈനീകരെ ഇന്ത്യ പിടികൂടി തടവിലാക്കിയിരുന്നെന്നും പിന്നീട് അവരെ വിട്ടയച്ചെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-ചൈന അതിര്‍ത്തിയായ ഗല്‍വാന്‍ താഴ്വരയില്‍ കഴിഞ്ഞ തിങ്കളാഴ്ച രാത്രി നടന്ന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചു.
സംഘര്‍ഷത്തില്‍ 43 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍, ചൈന ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും നല്‍കിയിട്ടില്ല.