പൊന്നാനി: വിവാദ പ്രസ്‌താവനകളിലൂടെ സമുദായ സ്‌പർധയുണ്ടാക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് മെട്രോമാൻ ഇ ശ്രീധരനെതിരെ പൊലീസിൽ പരാതി. കൊച്ചി സ്വദേശി അഡ്വ. അനൂപ് വി.ആര്‍ ആണ് പൊന്നാനി പൊലീസില്‍ ശ്രീധരനെതിരെ പരാതി നല്‍കിയിരിക്കുന്നത്. ലൗ ജിഹാദ്, മാംസാഹാര പ്രസ്‌താവനകളാണ് പരാതിയിൽ അഡ്വ. അനൂപ് വി.ആര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ഞാനൊരു വെജിറ്റേറിയനാണെന്നും മാംസാഹാരം കഴിക്കുന്നവരെ തനിക്ക് ഇഷ്‌ടമല്ലെന്നും ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇ ശ്രീധരൻ പറഞ്ഞിരുന്നു. ബീഫ് നിരോധനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ പ്രതികരണം. കൂടാതെ കേരളത്തിൽ ലൗ ജിഹാദുണ്ടെന്നും അതിന് താൻ എതിരാണെന്നും ശ്രീധരൻ പറഞ്ഞു.
അഭിമുഖത്തില്‍ ബി.ജെ.പിയെ പുകഴ്ത്തിയും ശ്രീധരന്‍ രംഗത്തെത്തിയിരുന്നു. ബി.ജെ.പി വര്‍ഗ്ഗീയ പാര്‍ട്ടിയല്ലെന്നും ദേശസ്നേഹികളുടെ പാര്‍ട്ടിയാണെന്നും ശ്രീധരന്‍ പറഞ്ഞിരുന്നു.





































