ന്യൂഡല്‍ഹി: വിദേശത്തുള്ള 276 ഇന്ത്യക്കാര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇറാനിലുള്ള ഇന്ത്യക്കാരാണ് കൊറോണ വൈറസ് ബാധിതരിലേറെയും. ഇറാനിലുള്ള 255 ഇന്ത്യക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ത്യയില്‍നിന്ന് ഇറാനില്‍ എത്തിയ ഡോക്ടര്‍മാരുടെ സംഘമാണ് ഇക്കാര്യം സ്ഥിരീകരിച്ചു പട്ടിക പുറത്തുവിട്ടത്.
കാര്‍ഗില്‍, ലഡാക്ക് എന്നിവിടങ്ങളില്‍നിന്നു പോയ 800 പേരുടെ സംഘത്തിനാണ് കൊറോണ ബാധിച്ചത്. ഇവര്‍ ഫെബ്രുവരി മുതല്‍ ഇറാനില്‍ കുടുങ്ങിക്കിട ക്കുകയാണ്. ഇവരില്‍ ചിലര്‍ ഹോട്ടലുകളിലും മറ്റു ചിലര്‍ ഖോമിലെ താമസസ്ഥലങ്ങളിലുമാണ് കഴിയുന്നത്. ഇറാനില്‍ കൊറോണ വൈറസ് ബാധ ഏറ്റവും രൂക്ഷമായി ബാധിച്ച മേഖലയാണു ഖോം. പൂനയില്‍നിന്നുള്ള ഡോക്ടര്‍മാരുടെ സംഘത്തെയാണ് ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ പരിശോധിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അയച്ചത്.
യുഎഇയിലുള്ള 12 പേര്‍ക്കും ഇറ്റലിയിലുള്ള അഞ്ച് പേര്‍ക്കും ഹോങ്കോംഗ്, കുവൈത്ത്, റവാണ്ട, ശ്രീലങ്ക എന്നിവിടങ്ങളിലെ ഓരോരുത്തര്‍ക്കും കൊറോണ സ്ഥിരീകരിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.
അതേസമയം ബംഗളൂരുവില്‍ രണ്ടു പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ കര്‍ണാടകയില്‍ കൊറോണ രോഗികളുടെ എണ്ണം 13 ആയി. യുഎസ്എയില്‍നിന്നും മടങ്ങിവന്ന അമ്പത്തിയാറുകാരനും സ്‌പെയിനില്‍നിന്നും മടങ്ങിയെത്തിയ ഇരുപത്തിയഞ്ചുകാരിക്കുമാണ് രോഗം സ്ഥീരീകരിച്ചത്.
ലക്‌നോവില്‍ കൊറോണ വൈറസ് ബാധിച്ച രോഗികളെ ശുശ്രൂഷിച്ച ഡോക്ടര്‍ക്കും രോഗം സ്ഥീകരിച്ചു. ലക്‌നോ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ ഡോക്ടര്‍ക്കാണ് കൊറോണ സ്ഥീകരിച്ചത്. ഇതോടെ ഇന്ത്യയിലെ കൊറോണ ബാധിതരുടെ എണ്ണം 150 ആയി.





































