ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധന. പത്ത് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. വനിതാ ഡോക്ടര്‍ക്ക് ഉള്‍പ്പെടെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
യു.കെയിലും കാനഡയിലും താമസിച്ച ശേഷം ലഖ്‌നൗവില്‍ എത്തിയ വനിതാ ഡോക്ടര്‍ക്കാണ് വൈറസ് സ്ഥീകരിച്ചത്. സിറ്റി ജോര്‍ജ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഇവരുള്ളത്. അതേസമയം ഇവരുടെ ഭര്‍ത്താവിന് വൈറസ് പിടിപെട്ടിട്ടില്ല. ഇദ്ദേഹത്തിന്റെ പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിലും നിരീക്ഷണത്തില്‍ വെക്കാനാണ് തീരുമാനം.
ഇന്ത്യയില്‍ ആകെ 73 കൊവിഡ് കേസുകളാണെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചത്. കേരളം, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 73 കേസുകളില്‍ 56 പേര്‍ ഇന്ത്യന്‍ പൗരന്മാരും 17 പേര്‍ വിദേശികളുമാണ്. വൈറസ് വ്യാപനം തടയുന്നതിന് സമഗ്രവും ശക്തവുമായ സംവിധാനമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. ഇതിനായി വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്.
ലോകമെമ്പാടും ഇതുവരെ 1,21654 കൊവിഡ് 19 കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതിനിടെ ഇറാനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെടാന്‍ കേന്ദ്രസര്‍ക്കാരിന് ദല്‍ഹി ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇറാനില്‍ കഴിയുന്നവരെ രക്ഷപ്പെടുത്താന്‍ സമഗ്രമായ പദ്ധതി തയ്യാറാക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.








































