gnn24x7

സിറോ മലബാർ സഭ അയർലൻഡ് കോഓഡിനേറ്റർ മോൺസിങ്ങോർ ആൻറണി പെരുമായന് മലബാർ സഭ യാത്രയയപ്പ് നൽകി

0
297
gnn24x7

ഡബ്ലിൻ: സിറോ മലബാർ സഭ അയർലൻഡ് കോഓഡിനേറ്റർ മോൺസിങ്ങോർ ആൻറണി പെരുമായന് മലബാർ സഭ യാത്രയയപ്പ് നൽകി. കഴിഞ്ഞ 6 വർഷമായി സിറോ മലബാർ സഭ അയർലൻഡ് കോഓർഡിനേറ്റർ ആയി പ്രവർത്തിച്ചു വരുകയായിരുന്നു. സിറോ മലബാർസഭയുടെ ബെൽഫാസ്റ്റ് വികാരിയായി പ്രവർത്തിച്ചുവന്ന അച്ചനെ കർദിനാൾ മാർ ജോർജ്ആലഞ്ചേരി പിതാവിന്റെ നിർദേശപ്രകാരം കത്തോലിക് കോൺഫെറൻസ് അയർലൻഡ് പ്രസിഡന്റ് ആർച്ച‌് ബിഷപ്പ് എമ്മൻ മാർട്ടിൻ ആണ് അയർലണ്ട് കോഓർഡിനേറ്റർ ആയി നിയോഗിച്ചത്. അച്ചൻ സഭയ്ക്ക് നൽകിയ സേവനങ്ങളെ മുൻനിർത്തി 2015 ൽ സഭ മോൺസിങ്ങോർ പദവി നൽകി ആദരിച്ചു.

റിപ്പബ്ലിക് ഓഫ് അയർലൻഡിലും നോർത്തേൺ അയർലൻഡിലുമായി ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന സിറോ മലബാർ സഭ വിശ്വാസികളെ ഒരുമിച്ചു കൂട്ടുവാൻ അച്ചൻ നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. അയർലൻഡിൽ 41 മാസ്സ് സെൻററുകൾ സ്ഥാപിക്കുകയും  വിശ്വാസികളെ ഒരുമിച്ചു നിർത്തുവാൻ ഓൾ അയർലണ്ട് കോഓർഡിനേഷൻ കൗൺസിലും അതിനു കീഴിൽ 4 റീജിയൺ കൗൺസിലുകളും  സ്ഥാപിച്ചു പ്രവർത്തനങ്ങൾ ഏകീകരിക്കുവാൻ അച്ചന് സാധിച്ചു. അച്ചന്റെ കഠിനാധ്വാനവും ശ്രമഫലവുമായാണ് ഡബ്ലിൻ അതിരൂപത സിറോ മലബാർ സഭയ്ക്ക് സെന്റ് തോമസ് പാസ്റ്ററൽ സെന്റർ അനുവദിച്ചത്‌.

ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്തിന്റെ അധ്യക്ഷതയിൽ റിയാൽട്ടോ സെൻറ് തോമസ് പാസ്റ്ററൽ സെന്ററിൽ നടന്ന നാഷനൽ കോഓർഡിനേഷൻ കൗൺസിൽ അച്ചന് യാത്രയയപ്പ് നൽകി. തുടർന്ന് താല ഫെറ്റർകൈൻ പള്ളിയിൽ വച്ച് ഡബ്ലിൻ സീറോ മലബാർ സഭയുടെ യാത്രയയപ്പിന് ഫാ.ക്ലമെന്റ് പാടത്തിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. സിറോ മലബാർ സഭയ്ക്ക് അച്ചൻ നൽകിയ സേവനങ്ങൾക്ക് ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്ത് നന്ദി പറഞ്ഞു. ഡബ്ലിൻ സിറോ മലബാർ സഭയുടെ സ്നേഹോപഹാരം സോണൽ കമ്മറ്റി അംഗങ്ങളും മുൻ സോണൽ കമ്മറ്റി അംഗങ്ങളും കൂടി അച്ചന് സമ്മാനിച്ചു.

അയർലൻഡ് സിറോ മലബാർ സഭയുടെ ഔദ്യോഗിക യാത്രയയപ്പ് മെയ് 16 ന് നോക്ക് തീർഥാടനത്തിൽ വച്ച് നൽകും. ബെൽഫാസ്റ്റ് സോണൽ കോഓർഡിനേറ്റർ ആയി ഫാ. പോൾ മോറേലിയെ ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്ത് നിയമിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here