ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 8,380 പേരിൽ പുതിയതായി നോവെൽ കൊറോണ വൈറസ് സ്ഥിരീകരിച്ചു. രാജ്യത്ത് രോഗം റിപ്പോർട്ടു ചെയ്തതിനുശേഷം ഒറ്റദിവസം ഏറ്റവുമധികം കേസുകൾ സ്ഥിരീകരിച്ച ദിവസമായി ശനിയാഴ്ച മാറി. ഇതുവരെ 1,82,143 കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഒരു ദിവസം 193 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇതോടെ മരണസംഖ്യ 5,164 ആയി ഉയർന്നു. അതിനിടെ ലോക്ക്ഡൌണിൽ നിന്ന് ഘട്ടംഘട്ടമായി പുറത്തുകടക്കാൻ കേന്ദ്രം തീരുമാനിച്ചെങ്കിലും തമിഴ്‌നാട് സർക്കാർ ജൂൺ അവസാനം വരെ സംസ്ഥാനത്തെ ലോക്ക്ഡൗൺ നീട്ടി. മാളുകൾ, മതപരമായ ആരാധനാലയങ്ങൾ, സിനിമാ ഹാളുകൾ എന്നിവ അടച്ചിടുമെന്ന് തമിഴ്നാട് അറിയിച്ചു.