അഹമ്മദബാദ്: മാതാപിതാക്കളും പ്രായപൂർത്തിയാകാത്ത മൂന്ന് പെൺമക്കളും വീടിനുള്ളിൽ മരിച്ച നിലയിൽ. ഗുജറാത്ത് ദഹോദ് നിവാസികളായ സെയ്ഫുദ്ദീൻ ദുധൈവാല (42), ഭാര്യ മെഹജബീൻ (35) ഇരട്ടക്കുട്ടികളായ അറാവ, സൈനബ് (16), ഇളയമകൾ ഹുസൈന എന്നിവരെയാണ് സുജായി ബോഗിലുള്ള ഇവരുടെ അപ്പാര്‍ട്മെന്‍റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
സെയ്ഫുദ്ദീന്‍റെ മാതാപിതാക്കളും ഈ വീട്ടിൽ തന്നെയാണ് താമസം. കഴിഞ്ഞ ദിവസം ഇവർ ഒരു ബന്ധുവീട്ടിൽ സന്ദർശനത്തിനായി പോയിരുന്നു. മടങ്ങിവന്ന ശേഷം ഇവരാണ് മൃതദേഹങ്ങൾ ആദ്യമായി കാണുന്നതും പൊലീസിനെ വിവരം അറിയിക്കുന്നതും. വ്യാഴാഴ്ച രാത്രിക്കും ഇന്ന് പുലർച്ചയ്ക്കും ഇടയ്ക്കായാണ് മരണങ്ങൾ നടന്നതെന്നാണ് പൊലീസ് നിഗമനം.
വെള്ളത്തിലോ അല്ലെങ്കിൽ കോൾഡ് ഡ്രിങ്ക്സിലോ കലർത്തിയ വിഷം ഉള്ളിൽച്ചെന്നതാണ് മരണകാരണമായി പ്രാഥമിക അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നതെന്നാണ് ദഹോദ് ഠൗൺ സ്റ്റേഷൻ ഇൻസ്പെക്ട്ർ കരൺ അറിയിച്ചത്. തന്‍റെ മകന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്നാണ് സെയ്ഫുദ്ദീന്‍റെ പിതാവ് ഷബീർ പറയുന്നത്. ഇതാകാം ഇത്തരമൊരു കടും കൃത്യത്തിന് മകനെ നയിച്ചതെന്നും ആ വയോധികൻ പറയുന്നു. ഏതായാലും മരണത്തിന് പിന്നിലെ യഥാർഥ കാരണം അറിയാൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.








































