ന്യൂഡല്‍ഹി: ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് കണ്ടെത്തിയ യുകെയിൽ നിന്ന് ഡൽഹിയിലും ചെന്നൈയിലുമെത്തിയ 6 യാത്രക്കാർക്ക് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. അതേസമയം രോഗം കണ്ടെത്തിയവരിൽ ജനിതകമാറ്റം സംഭവിച്ച വൈറസ് ബാധയുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. സാമ്പിളുകൾ ഡൽഹിയിലെ എൻസിഡിസിയിലേക്ക് അയച്ചിട്ടുണ്ട്.
യുകെയിലേക്കുള്ള വിമാനസർവീസുകൾ താത്ക്കാലികമായി നിരോധിച്ചിരിക്കുകയാണ്. നിരോധനം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് എത്തുന്ന എല്ലാ യാത്രക്കാർക്കും കോവിഡ് പരിശോധന നിർബന്ധമാക്കി. തിങ്കളാഴ്ച വൈകിട്ട് ബ്രിട്ടനിൽ നിന്ന് ഒരു വിമാനത്തിൽ ന്യൂഡൽഹിയിലെത്തിയ 266 യാത്രക്കാരിൽ അഞ്ച് പേർക്കാണ് കൊറോണ വൈറസ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.
യുകെ ലേക്കുള്ള വിമാനസർവീസുകൾ ഡിസംബർ 31 വരെ റദ്ദാക്കിയ നടപടി ഇന്ന് അർദ്ധരാത്രി മുതലാണ് പ്രാബല്യത്തിൽ വരിക. മാസങ്ങള്‍ നീണ്ടു നിന്ന ലോക്ക് ഡൗണിനും യാത്രാ നിയന്ത്രണങ്ങള്‍ക്കും ശേഷമാണ് ബ്രിട്ടണില്‍ കൊറോണ വൈറസിന്റെ പുതിയ സ്‌ട്രെയിന്‍ കണ്ടെത്തിയത്. ഇപ്പോള്‍ ബ്രിട്ടനു പുറമെ ഡെന്‍മാര്‍ക്ക്, ഓസ്‌ട്രേലിയ, ഇറ്റലി, നെതര്‍ലാന്റ്‌സ് തുടങ്ങിയ രാജ്യങ്ങളിലും വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.







































