ന്യൂഡല്‍ഹി: ഇന്ന് കരസേനാ ദിനം.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ സൈനിക തലവനായി ജനറല്‍ കെ. എം. കരിയപ്പ സ്ഥാനമേറ്റതിന്‍റെ ഓര്‍മ്മയ്ക്കായാണ് ജനുവരി 15 കരസേനാ ദിനമായി ആചരിക്കുന്നത്. ഇന്ത്യയുടെ അവസാന ബ്രിട്ടീഷ് കമാന്‍ഡര്‍ ഇന്‍ ചീഫില്‍ നിന്നാണ് കരിയപ്പ സൈനിക തലവനായി സ്ഥാനം ഏറ്റെടുത്തത്.1949 ജനുവരി 15നാണ് കരിയപ്പ സൈനിക തലവനായി ചുമതലയേറ്റത്.
ഇന്ത്യന്‍ കരസേനാ ദിനത്തില്‍ രാജ്യത്തെ മുഴുവന്‍ സേനാംഗങ്ങള്‍ക്കും കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ആശംസകളര്‍പ്പിച്ചു. ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് രാജ്‌നാഥ് സിംഗ് സന്ദേശം നല്‍കിയത്.
‘കരസേനാ ദിനത്തില്‍ ഇന്ത്യയെ ശക്തവും സുരക്ഷിതവുമായ ഇടമാക്കിമാറ്റാന്‍ സൈനികര്‍ നടത്തുന്ന ധീരവും ആവേശകരവുമായ ത്യാഗത്തിനും ചെറുത്തുനില്‍പ്പിനും പോരാട്ടത്തിനും തന്‍റെ അഭിവാദ്യങ്ങള്‍’ രാജ്‌നാഥ് സിംഗ് ട്വിറ്ററില്‍ കുറിച്ചു. സന്ദേശത്തോടൊപ്പം രജപുത്താന റൈഫിള്‍ സേനാംഗങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവും പ്രതിരോധമന്ത്രി ട്വീറ്റ് ചെയ്തു.
കരസേനാ ദിനത്തില്‍ ദേശീയ യുദ്ധസ്മാരകത്തില്‍ രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീര സൈനികര്‍ക്ക് ഇന്ത്യയുടെ മുഖ്യ സൈനിക മേധാവി ബിപിന്‍ റാവത്ത് ആദരാഞ്ജലി അര്‍പ്പിച്ചു. കരസേനാ മേധാവി ജനറല്‍ എം. എം. നരവനെ, വ്യോമസേനാ മേധാവി ആര്‍. കെ. എസ്. ബദൗരിയ, നാവിക സേനാ മേധാവി കരംബീര്‍ സിംഗ് എന്നിവരും ബിപിന്‍ റാവത്തിനൊപ്പം ചടങ്ങില്‍ പങ്കെടുത്തിരുന്നു.