ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ BJPയുടെ മുന്നേറ്റത്തിന് ആക്കം കൂട്ടുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.
BJP യുടെ സ്റ്റാര്‍ പ്രചാരകനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ദ്വാരകയില്‍ എത്തും. പ്രദ്യുമ്ന രാജ്പുത് ആണ് ഈ മണ്ഡലത്തില്‍ BJPയുടെ സ്ഥാനാര്‍ഥി.
ഫെബ്രുവരി 3നായിരുന്നു പ്രധാനമന്ത്രിയുടെ ആദ്യ തിരഞ്ഞെടുപ്പ് റാലി. ഈസ്റ്റ് ഡല്‍ഹിയിലെ കര്‍കര്‍ഡൂമയില്‍ നടന്ന റാലിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ പ്രധാനമന്ത്രി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയുണ്ടായി.
‘പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ കുറേ ദിവസങ്ങളായി സീലംപൂർ, ജാമിയ, ഷാഹീൻ ബാഗ് തുടങ്ങിയ സ്ഥലങ്ങളില്‍ പ്രതിഷേധം നടക്കുകയാണ്. ഈ പ്രതിഷേധം വെറും യാദൃശ്ചികമല്ല. ഈ പ്രതിഷേധം ഇന്ത്യയെ ഭിന്നിപ്പിക്കാനുള്ള ഗൂഢാലോചനയാണ്. ഈ പ്രതിഷേധത്തിന് പിന്നില്‍ ഒരു രാഷ്ട്രീയ രൂപകല്‍പ്പനയുണ്ട്, ഇത് രാജ്യത്തിന്‍റെ ഐക്യം നശിപ്പിക്കും, പ്രധാനമന്ത്രി കര്‍കര്‍ഡൂമയില്‍ നടന്ന പ്രചാരണ റാലിയില്‍ പറഞ്ഞു.
ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ BJPയുടെ സ്റ്റാര്‍ പ്രചാരകനായ മോദിയുടെ 2 റാലികളാണ് നിശ്ചയിച്ചിരിക്കുന്നത്. അതില്‍ ആദ്യത്തേതാണ് ഇന്ന് കര്‍കര്‍ഡൂമയില്‍ നടന്നു. രണ്ടാമത്തെ റാലിയാണ് ഇന്ന് ദ്വാരകയില്‍ നടക്കുന്നത്.
പ്രധാനമന്ത്രിയുടെ പ്രചാരണം BJPയുടെ അന്തിമ മുന്നേറ്റമാണ്. പ്രധാനമന്ത്രി വോട്ടര്‍മാരെ അഭിസംബോധന ചെയ്യുന്നത് പാര്‍ട്ടിയ്ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. അതിനാലാണ് പ്രധാനമന്ത്രിയുടെ രണ്ട് റാലികളും കേന്ദ്ര ബജറ്റിന് ശേഷ൦ ആസൂത്രണം ചെയ്തതെന്ന് പാര്‍ട്ടി വൃത്തങ്ങൾ അറിയിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമാകെ പ്രതിഷേധം നടക്കുന്ന അവസരത്തില്‍ ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് BJPയെ സംബന്ധിച്ചിടത്തോളം അഭിമാന പ്രശ്നമാണ്. കൂടാതെ, ഡല്‍ഹിയിലെ ഷാഹീന്‍ ബാഗ് തന്നെ പ്രതിഷേധത്തിന്‍റെ കേന്ദ്രമായി നിലകൊള്ളുമ്പോള്‍ വിജയം പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്.
എന്നാല്‍, BJP യുടെ മുതിര്‍ന്ന നേതാക്കള്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിലേക്ക് പ്രധാനമന്ത്രിയും എത്തിയതോടെ ഡല്‍ഹിയിലെ രാഷ്ട്രീയ സാഹചര്യം മാറുമെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ആം ആദ്മി പാര്‍ട്ടിയ്ക്ക് തുടക്കത്തില്‍ ലഭിച്ച മേല്‍ക്കോയ്മ നിലനിര്‍ത്താന്‍ സാധിക്കുന്നില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.