ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യമണിക്കൂറുകള്‍ പിന്നിടിമ്പോള്‍ എവിടെയും ലീഡ് നേടാനാവാതെ കോണ്‍ഗ്രസ്. 70 സീറ്റുകളിലെവിടെയും നേരിയ മുന്നേറ്റം പോലും കാഴ്ചവെക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല. ഒരിടത്ത് മാത്രം ഇടയ്ക്ക് ലീഡ് മെച്ചപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് പിന്നോട്ടുപോവുകയായിരുന്നു,
കോണ്‍ഗ്രസിന് എവിടെയും സീറ്റുറപ്പിക്കാനാവില്ലെന്നായിരുന്നു വോട്ടെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളും വ്യക്തമാക്കിയിരുന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളിയ കോണ്‍ഗ്രസ് അത്ഭുതം സംഭവിക്കുമെന്നായിരുന്നു അവകാശപ്പെട്ടിരുന്നത്.
മറ്റുള്ളവര്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ സന്തോഷിക്കട്ടെ. വോട്ടെണ്ണല്‍ ദിവസം കോണ്‍ഗ്രസ് എല്ലാവരെയും അമ്പരപ്പിക്കുമെന്ന് എനിക്കുറപ്പാണ് എന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് മുകേഷ് ശര്‍മ്മയുടെ പ്രതികരണം.
കോണ്‍ഗ്രസ് പത്ത് സീറ്റുകളില്‍ വിജയിക്കുമെന്ന പ്രതീക്ഷ മുതിര്‍ന്ന നേതാക്കളും പങ്കുവെച്ചിരുന്നു. അതേസമയം, ദല്‍ഹി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയ പ്രകടനമാണ് കാഴ്ചവെച്ചതെന്ന് സന്ദീപ് ദീക്ഷിത് അടക്കമുള്ളവരും അഭിപ്രായപ്പെട്ടിരുന്നു.