gnn24x7

ഡൽഹി കലാപം; ബന്ധുക്കളുടെ മൃതദേഹം തേടി മോര്‍ച്ചറിയ്ക്ക് മുന്നില്‍ ജനക്കൂട്ടം!

0
289
gnn24x7

ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയിരുന്നു. ഓടകളില്‍ നിന്നും കണ്ടെത്തിയ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ ഉള്‍പ്പടെയുള്ള ഔദ്യോഗിക കണക്കാണിത്.

ജിടിബി ഹോസ്പിറ്റലില്‍ മരിച്ചും, പരുക്കേറ്റും എത്തിയ 38 പേര്‍ക്ക് പുറമെ 3 പേര്‍ ലോക് നായക് ആശുപത്രിയിലും, ഒരാള്‍ ജഗ് പ്രവേശ് ചന്ദ്ര ഹോസ്പിറ്റലിലുമാണ് മരിച്ചത്.

പുരുഷന്‍മാര്‍ തന്നെയാണ് പ്രധാനമായും മരണമടഞ്ഞത്. അക്രമസംഭവങ്ങള്‍ നടന്നതോടെ കാണാതായവരെ കണ്ടെത്താന്‍ കുടുംബാംഗങ്ങള്‍ ഗുരു ജേത് ബഹാദൂര്‍ ഹോസ്പിറ്റലിലെ മോര്‍ച്ചറിക്ക് മുന്നിലാണ് അവസാനം എത്തിച്ചേരുന്നത്. എന്നാല്‍ മോര്‍ച്ചറിയില്‍ തിരിച്ചറിയപ്പെടാതെ കിടക്കുന്ന മൃതദേഹങ്ങള്‍ പലര്‍ക്കും അനിശ്ചിതാവസ്ഥയാണ് സമ്മാനിക്കുന്നത്.

24കാരനായ മൊഹ്‌സിന്‍ അലിയെ തേടിയെത്തിയ കുടുംബം ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയെന്ന് വിശ്വസിച്ച്‌ പേപ്പര്‍ ജോലികള്‍ പൂര്‍ത്തിയാക്കി. എന്നാല്‍ തൊട്ടടുത്ത ദിവസം ഇത് അലിയുടെ മൃതദേഹമല്ലെന്ന് ഇവര്‍ തിരിച്ചറിഞ്ഞു. പിന്നീട് മൊഹ്‌സിന്റെ കാര്‍ കത്തിച്ചാമ്ബലായ നിലയില്‍ കണ്ടെത്തി. ഇതിന് സമീപം കിടന്ന കത്തിക്കരിഞ്ഞ മൃതദേഹം ആരുടേതാണെന്ന് ഡിഎന്‍എ പരിശോധനയില്‍ മാത്രമാണ് വ്യക്തമാകുക.

ജിടിബി മോര്‍ച്ചറിയിലുള്ള ആറ് മൃതദേഹങ്ങള്‍ ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല. കലാപത്തിന് ഇടെ കാണാതായ പ്രിയപ്പെട്ടവരെ തേടിയുള്ള അന്വേഷണം മോര്‍ച്ചറികള്‍ക്ക് മുന്നിലെത്തുന്നത് ഇവര്‍ക്ക് ഹൃദയംതകര്‍ക്കുന്ന അനുഭവമാണ്. മോര്‍ച്ചറികള്‍ക്ക് മുന്നിലെ കാഴ്ചകള്‍ കണ്ടുനില്‍ക്കുന്നവര്‍ക്കും വേദനാജനകമാകും.

അതേസമയം കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളായി ഡല്‍ഹിയില്‍ പുതിയ അക്രമ സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്നതിന് ക്രൈംബ്രാഞ്ച് രണ്ട് പ്രത്യേക സംഘത്തെ രൂപീകരിച്ചു.

കലാപത്തില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുകള്‍ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. ഡിസിപി ജോയ് ടിര്‍കെ, ഡിസിപി രാജേഷ് ദിയോ എന്നിവരുടെ നേതൃത്വത്തിലാകും കേസുകളുടെ അന്വേഷണം.

ക്രൈംബ്രാഞ്ച് അഡീഷണല്‍ കമ്മീഷണര്‍ ബി കെ സിംഗാണ് ഇരു ടീമുകളെയും ഏകോപിപ്പിക്കുക. സംഘര്‍ഷങ്ങള്‍ വ്യാപിക്കുന്നത് തടയാന്‍ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞയില്‍ വെള്ളിയാഴ്ച പത്തുമണിക്കൂര്‍ ഇളവ് അനുവദിച്ചിരുന്നു.

കലാപവുമായി ബന്ധപ്പെട്ട ചിത്രങ്ങളോ വീഡിയോകളോ കൈവശമുള്ളവര്‍ അവ കൈമാറണമെന്ന് ഡല്‍ഹി പോലീസ് ജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. വിവരങ്ങള്‍ അറിയിക്കാന്‍ രണ്ട് ടോള്‍ ഫ്രീ നമ്പറുകളും പോലീസ് സജ്ജമാക്കിയിട്ടുണ്ട്.  8750871221, 8750871227 എന്നിവയാണ് നമ്പറുകള്‍.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here