gnn24x7

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ചൊവ്വാഴ്ച

0
226
gnn24x7

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മണിക്കൂറുകള്‍ അവശേഷിക്കെ രാഷ്ട്രീയ പാര്‍ട്ടികള്‍ വിശകലനത്തിന്റെയും കണക്ക് കൂട്ടലിന്റെയും തിരക്കിലാണ്. രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ള തെരഞ്ഞെടുപ്പാണ് ഡല്‍ഹിയിലെത്. രാജ്യ തലസ്ഥാനത്ത് അധികാരം പിടിക്കുന്നതിന് പൊരിഞ്ഞ പോരാട്ടമാണ് ബിജെപിയും ആം ആദ്മി പാര്‍ട്ടിയും തമ്മില്‍ നടന്നത്.

രാഷ്ട്രീയമായി ബിജെപിക്ക് ഏറെ നിര്‍ണ്ണായക മായ തെരഞ്ഞെടുപ്പാണ് ഡല്‍ഹിയിലെത്.വിജയത്തില്‍ കുറഞ്ഞ്ഒന്നും ബിജെപി പ്രതീക്ഷിക്കുന്നില്ല.കേന്ദ്രത്തില്‍ അധികാരത്തില്‍ ഇരിക്കുന്ന ബിജെപിക്ക് ഝാര്‍ഖണ്ട് നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിയ്ക്ക് പിന്നാലെ ഡല്‍ഹിയില്‍ അധികാരത്തില്‍ എത്തുക എന്നത് അഭിമാന പ്രശ്നമാണ്.രാജ്യത്ത് പൗരത്വ നിയമ ഭേദഗതി ക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ രാഷ്ട്രീയമായി തങ്ങളെ ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതിന് ബിജെപിക്ക് വിജയം അനിവാര്യമാണ്.

എന്നാല്‍ ബിജെപിയുടെ പ്രതീക്ഷകള്‍ തകരുമെന്നാണ് സര്‍വേകളും എക്സിറ്റ് പോളുകളും നല്‍കുന്ന സന്ദേശം.ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ തുടരുമെന്ന് എല്ലാ സര്‍വേകളും എക്സിറ്റ് പോളുകളും ഒരേ സ്വരത്തില്‍ പറയുന്നു.അതുകൊണ്ട് തന്നെ രാഷ്ട്രീയമായി ഡല്‍ഹിയില്‍ അധികാരത്തില്‍ വരുന്നത് ആം ആദ്മി പാര്‍ട്ടിക്ക് ഗുണം ചെയ്യും.തങ്ങള്‍ അധികാരത്തില്‍ ഇരുന്നപ്പോള്‍ ജനങള്‍ക്ക് വേണ്ടി നടപ്പിലാക്കിയ പദ്ധതികളും തങ്ങളുടെ ഭരണമികവും ജനങ്ങള്‍ അംഗീകരിക്കുന്നതായി അധികാരത്തില്‍ വീണ്ടുമെത്തിയാല്‍ ആം ആദ്മി പാര്‍ട്ടിക്ക് അവകാശപെടാം,രാഷ്ട്രീയത്തില്‍ യാതൊരു മുന്‍പരിചയവും ഇല്ലാത്ത അരവിന്ദ് കെജരിവാള്‍ നേടുന്ന വിജയം മോദിയുടെ പ്രസക്തിയും ജനപിന്തുണയും മറികടന്നുള്ളതാകുമ്പോള്‍ അത് രാജ്യത്തെ പ്രതിപക്ഷത്തിന് വലിയ പ്രതീക്ഷ നല്‍കുകയും ചെയ്യും.

എന്നാല്‍ കോണ്‍ഗ്രസ്‌ ആകട്ടെ തങ്ങളുടെ പ്രതാപ കാലത്തേക്ക് മടങ്ങിവരുന്നതിനുള്ള ശ്രമത്തിലാണ്. ഒരിക്കല്‍ ഡല്‍ഹിയിലെ വലിയ രാഷ്ട്രീയ ശക്തി ആയിരുന്ന കോണ്‍ഗ്രസ്‌ ഇപ്പോള്‍ ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്കും ബിജെപിക്കും പിന്നിലായ് രാഷ്ട്രീയ ഇടം നഷ്ടമായ അവസ്ഥയിലാണ്. അതുകൊണ്ട് തന്നെ ഒരു സീറ്റെങ്കിലും നേടാന്‍ കഴിഞ്ഞാല്‍ അത് തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് അവരുടെ പ്രതീക്ഷ. കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഏഴ് സീറ്റുകളിലും വിജയിക്കാന്‍ കഴിഞ്ഞ ബിജെപിക്ക് നിയമസഭയില്‍ വിജയം നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചയാകും. എന്തായാലും ബിജെപി അധികാരത്തില്‍ വരുമെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍ പാര്‍ട്ടി ഡല്‍ഹി ഘടകം അധ്യക്ഷന്‍ മനോജ്‌ തിവാരി തികഞ്ഞ ആത്മ വിശ്വാസം പ്രകടിപ്പിക്കുന്നുമുണ്ട്.

രാഷ്ട്രീയമായി ബിജെപിക്ക് വെല്ലുവിളിയാകുന്നതിന് ആംആദ്മി പാര്‍ട്ടിക്ക് ഡല്‍ഹിയിലെങ്കിലും കഴിയുന്നത്‌ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ശക്തി പകരും. വീണ്ടും എഎപി അധികാരത്തില്‍ വന്നാല്‍ രാജ്യത്തെ പ്രതിപക്ഷ നേതൃനിരയിലേക്ക് അരവിന്ദ് കെജരിവാള്‍ കടന്ന് വരും. മോദിയെ നേരിടുന്നതിന് ജനപിന്തുണയുള്ള നേതാക്കള്‍ ഇല്ല എന്നതാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നം. കെജരിവാള്‍ തുടര്‍ച്ചയായി വിജയം നേടിയാല്‍ അത് പ്രതിപക്ഷത്തിന് ആവേശമാകും.ബിജെപിയുടെ പരാജയം എന്നതിനപ്പുറം വേറെ അജണ്ടകള്‍ ഒന്നും ഇല്ലാത്ത ഇടത് മതേതര പാര്‍ട്ടികള്‍ക്ക് കെജരിവാളിന്റെ നേതൃത്വം അംഗീരിക്കെണ്ടാതായിവരും.

എന്നാല്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ പ്രതിപക്ഷ പ്രതീക്ഷകളൊക്കെ അസ്ഥാനത്താകും.നിലവില്‍ ഐക്യമില്ലാത്ത പ്രതിപക്ഷത്തെ മോദിക്കെതിരെ ഒന്നിപ്പിക്കുക എന്ന വെല്ലുവിളി കെജരിവാള്‍ ഏറ്റെടുക്കുമോ എന്നത് കാത്തിരുന്നു കാണേണ്ടകാര്യമാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here