പാചകവാതക സിലിണ്ടറിനു വില കൂടി. മെട്രോ നഗരങ്ങളിൽ സബ്സിഡിയില്ലാത്ത ഒരു എൽപിജി സിലിണ്ടറിന് 37 രൂപ കൂട്ടി. ഗാർഹിക സിലിണ്ടറിന്റെ വില 11.50 രൂപയാണ് കൂട്ടിയത്. ഇതോടെ സിലിണ്ടറിന്റെ വില 597രൂപയായിട്ടുണ്ട്. ഇന്നു മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വരും.
ഹോട്ടലുകളിലും മറ്റുമുപയോഗിക്കുന്ന വാണിജ്യ സിലിണ്ടറിന് 110 രൂപ വർധിച്ചു 1135 രൂപയായി. തുടർച്ചയായി മൂന്നു മാസത്തെ വിലക്കുറവിനെ പിന്നാലെയാണ് പാചക വാതക നിരക്കിൽ വർധനവ് ഉണ്ടായിരിക്കുന്നത്. സബ്സിഡി സംബന്ധിച്ച വിശദാംശങ്ങൾ എണ്ണക്കമ്പനികൾ പുറത്തുവിട്ടിട്ടില്ല.
എന്നാല്‍ പുതിയ വിലവര്‍ദ്ധനവ് ലോക്ക്ഡൗണ്‍ കാലത്ത് പ്രഖ്യാപിച്ച പാക്കേജ് പ്രകാരം സിലണ്ടര്‍ ലഭിക്കുന്ന പ്രധാനമന്ത്രി ഉജ്ജല യോജന ഉപയോക്താക്കള്‍ക്ക് ബാധകമല്ലെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.
അന്താരാഷ്ട്ര വിപണിയില്‍ എല്‍പിജിയുടെ വില വര്‍ദ്ധിച്ചതിന്‍റെ ഫലമായാണ് ഇത്തരത്തില്‍ ഒരു വില വര്‍ദ്ധനവ് എന്നാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ വില വര്‍ദ്ധനവ് സംബന്ധിച്ച് പ്രതികരിച്ചത്. മാർച്ച് ഏപ്രിൽ മാസങ്ങളിലായി 114 രൂപയും മേയ് മാസമാദ്യം 162.50 രൂപയും ഗാർഹിക സിലിണ്ടറിന് വില കുറച്ചിരുന്നു.









































