ഭോപ്പാല്‍: ബില്ലടക്കാന്‍ പണമില്ലാത്തതിനാല്‍ മധ്യപ്രദേശിലെ ആശുപത്രിയില്‍ വയോധികന്റെ കൈയ്യും കാലും കെട്ടിയിട്ടതായി പരാതി.
ബില്‍ തുകയായ 11000 രൂപ അടക്കാന്‍ പറ്റാത്തുകൊണ്ടാണ് ആശുപത്രിക്കാര്‍ വയോധികന്റെ കൈയ്യും കാലും കെട്ടിയിട്ടതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
” ആശുപത്രിയില്‍ അഡ്മിഷന്‍ എടുക്കുന്ന സമയത്ത് ഞങ്ങള്‍ 5000 രൂപ അടച്ചിരുന്നു. പക്ഷേ ചികിത്സ കുറച്ച് ദിവസം കൂടി നീണ്ടപ്പോള്‍ ബില്ലടക്കാന്‍ ഞങ്ങളുടെ കൈയ്യില്‍ പണം ഉണ്ടായില്ല,” വയോധികന്റെ മകള്‍ പറഞ്ഞു.
സംഭവം ഗൗരവത്തില്‍ എടുത്തതായും അന്വേഷണം നടത്തി ഉടന്‍ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.
അതേസമയം, ഇലക്ട്രോലൈറ്റ് ഇംബാലന്‍സ് കാരണം വയോധികന് അപസ്മാരം ഉണ്ടായെന്നും സ്വയം പരിക്കേല്‍പ്പിക്കാതിരിക്കാനാണ് കെട്ടിയിട്ടതെന്നാണ് ആശുപത്രി അധികൃതരുടെ വാദം.





































