ന്യൂഡൽഹി: ഭാരത് ജോഡോയാത്രക്കിടെ മുൻ കേന്ദ്രമന്ത്രി രാഹുൽഗാന്ധിക്ക് ഷൂ ലേസ് കെട്ടിക്കൊടുത്തുവെന്ന ആരോപണവുമായി ബി.ജെ.പി. മുൻ കേന്ദ്ര കായിക- യുവജനക്ഷേമ മന്ത്രിയും ആഭ്യന്തര സഹമന്ത്രിയുമായിരുന്ന ജിതേന്ദ്ര സിങ് അൽവാർ രാഹുൽ ഗാന്ധിയുടെ ലേസ് കെട്ടിക്കൊടുത്തുവെന്നായിരുന്നു ആരോപണം.ബി.ജെ.പി. ഐ.ടി. സെൽ അധ്യക്ഷൻ അമിത് മാളവ്യയാണ് ആരോപണം ഉന്നയിച്ചത്. ഒരു വീഡിയോയും അമിത് മാളവ്യ ട്വീറ്റ് ചെയ്തു.
യാത്രയിൽ നടക്കുന്നതിനിടെ രാഹുലിന് അഭിമുഖമായി തിരിഞ്ഞുനിന്ന ശേഷം ജിതേന്ദ്ര സിങ് അൽവാർ കുനിഞ്ഞുനിൽക്കുന്ന വീഡിയോയാണ് മാളവ്യ ട്വീറ്റ് ചെയ്തത്. ‘സ്വന്തമായി ചെയ്യേണ്ടതിന് പകരം അഹങ്കാരിയായ, ഒന്നിനും കൊള്ളാത്ത വ്യക്തി അദ്ദേഹത്തിന്റെ പുറത്ത് തട്ടുകമാത്രമാണ് ചെയ്യുന്നത്. ഈ സമ്പ്രദായത്തെക്കുറിച്ചാണോ ഖാർഗേ സംസാരിക്കുന്നത്? ‘, മാളവ്യ ട്വീറ്റ് ചെയ്തു.
എന്നാൽ, മാളവ്യയുടെ അവകാശവാദം തെറ്റാണെന്ന വിശദീകരണവുമായി ജിതേന്ദ്ര സിങ് അൽവാർ രംഗത്തെത്തി. മാളവ്യയുടെ ആരോപണം പൂർണ്ണമായും അവാസ്ഥവമാണെന്നും അപകീർത്തിപ്പെടുത്തുന്നതാണെന്നും ജിതേന്ദ്ര സിങ് ട്വീറ്റ് ചെയ്തു. ട്വീറ്റ് ഡിലീറ്റ് ചെയ്ത് മാളവ്യ രാഹുൽ ഗാന്ധിയോട് മാപ്പ് പറയണമെന്നും അല്ലെങ്കിൽ നിയമനടപടി നേരിടേണ്ടിവരുമെന്നും വ്യക്തമാക്കി. ‘രാഹുൽജിചൂണ്ടിക്കാട്ടിയത് പ്രകാരം എന്റെ തന്നെ ഷൂ ലേസ് കെട്ടാൻ അദ്ദേഹം സമയം അനുവദിക്കുകയായിരുന്നു’, ജിതേന്ദ്ര സിങ് ട്വീറ്റ് ചെയ്തു.
രാഹുൽ ഗാന്ധിയുടേത് ലേസ് ഷൂവാണെന്നും ബി.ജെ.പി. പ്രസിഡന്റ് ജെ.പി. നദ്ദയാലും പ്രധാനമന്ത്രി മോദിയാലും നുണപറയാൻ നിയോഗിക്കപ്പെട്ട വ്യക്തിയെന്ന നിലയിൽ മൂന്ന് പേരും രാഹുൽ ഗാന്ധിയോട് മാപ്പ് പറയണെന്നും കോൺഗ്രസ് സോഷ്യൽ മീഡിയ ഡിജിറ്റൽ പ്ലാറ്റ്ഫോം ചെയർപേഴ്സൺ സുപ്രിയ ഷ്രിന്റേ ആവശ്യപ്പെട്ടു. അമിത് മാളവ്യ പങ്കുവെച്ച വീഡിയോയുടെ മറ്റൊരു ആംഗിളിൽ നിന്നുള്ള ദൃശ്യവും കോൺഗ്രസ് പുറത്തുവിട്ടു. ജിതേന്ദ്ര സിങ് സ്വന്തം ഷൂ ലേസ് രാഹുലിന്റെ മുന്നിൽവെച്ച് കെട്ടുന്നതിന്റെ ദൃശ്യമാണ് കോൺഗ്രസ് നേതാക്കൾ ട്വീറ്റ് ചെയ്തത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BvzwqMI97baHONxRBIQs88