ന്യൂഡൽഹി: അടുത്ത മാസം രണ്ടിന് ഹാജരാകണമെന്ന് ഫേസ്ബുക്ക് ഉദ്യോസ്ഥർക്ക് പാർലമെന്റ് ഐടി സ്ഥിരം സമിതിയുടെ നോട്ടീസ്. ബിജെപി നേതാക്കൾ ക്കായി വിദ്വേഷപ്രചാരണ മാനദണ്ഡങ്ങൾ ഫേസ്ബുക്ക് ഇന്ത്യയിൽ തിരുത്തിയെന്ന ആരോപണത്തിലാണ് നടപടി. ശശി തരൂർ എംപിയുടെ നേതൃത്വത്തിലുള്ള പാർലമെന്റ് ഐടി സ്ഥിരം സമിതിയുടെ മുൻപാകെയാണ് ഫേസ്ബുക്ക് അധികൃതർ ഹാജരാവേണ്ടത്.
ഇക്കാര്യം സമിതി ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടതായി പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കെതിരേ നടപടിയെ ടുക്കാനുള്ള മാനദണ്ഡങ്ങൾ ബിജെപി നേതാക്കൾക്കുവേണ്ടി ഫേസ്ബുക്ക് തിരുത്തിയെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു. അക്രമങ്ങൾ പ്രോത്സാ ഹിപ്പിക്കുകയോ പങ്കാളികളാകുകയോ ചെയ്ത ചുരുങ്ങിയത് നാലു വ്യക്തികൾക്കും ബിജെപിയുമായി ബന്ധമുള്ള ഗ്രൂപ്പുകൾക്കുമെതിരേ വിദ്വേഷ പ്രസംഗ ച ട്ടങ്ങൾ ഇന്ത്യയിലെ ഫേസ്ബുക്ക് മേധാവികൾ നടപ്പാക്കിയില്ലെന്നു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇതുമായി ബന്ധപ്പെട്ടാണ് തരൂരിന്റെ നേതൃത്വത്തിലുള്ള സമിതി അന്വേഷണമാരംഭിച്ചത്. എന്നാൽ ഈ നടപടിക്കെതിരെ സമിതിയിലെ ബിജെപി അംഗങ്ങൾ രംഗത്തെത്തി. തരൂരിനെ സമിതിയിൽനിന്ന് പുറത്താക്കണമെന്ന് കേന്ദ്രമന്ത്രി രാജ്യവർധൻ റാത്തോഡ്, നിഷികാന്ത് ദുബെ എന്നിവർ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവർ ലോക്സഭാ സ്പീക്കർക്ക് കത്ത് നൽകി.
                









































