ന്യൂഡല്‍ഹി: കോവിഡ് ചികിത്സയ്ക്ക് ചൈനയിലും ജപ്പാനിലും ഉപയോഗിച്ച ആന്റി വൈറൽ മരുന്നായ ഫാവിപിറാവിർ ഇന്ത്യയിൽ നിർമ്മിക്കാൻ തയ്യാറാണെന്ന് കൗൺസിൽ ഓഫ് സൈന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസേർച്ച് (സിഎസ്ഐആർ) . ന്യൂസ്18.കോമിന് നൽകിയ അഭിമുഖത്തിൽ വ്യാഴാഴ്ചയാണ് സിഎസ്ഐആർ ഡയറക്ടർ ജനറൽ ഡോ. ശേഖർ സി മാൻഡേ ഇക്കാര്യം വ്യക്തമാക്കിയത്.
ഇതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായി വരുന്നതായി അദ്ദേഹം പറഞ്ഞു. മരുന്ന് നിർമിക്കാനുള്ള വിവരങ്ങൾ ഒരു സ്വകാര്യ മരുന്നു കമ്പനിക്കും ഡ്രഗ് കൺട്രോളർ ഓഫ് ഇന്ത്യയ്ക്കും കൈമാറിയതായും അദ്ദേഹം വ്യക്തമാക്കി. ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചാലുടൻ ഇത് ചികിത്സക്കായി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇൻഫ്ലുവൻസ വൈറസുകൾക്കെതിരെ ഫാവിപിറാവിർ മികച്ച ഫലം പ്രകടമാക്കുന്നുണ്ട്. ചൈന, റഷ്യ,ജപ്പാൻ, മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ ഫാവിപിറാവിർ കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നുമുണ്ട്.
കോവിഡ് 19 നെതിരെ ഉപയോഗിക്കാവുന്ന 20 വ്യത്യസ്ത മരുന്നുകൾ പുനർനിർമ്മിക്കുന്നതിനുളള ശ്രമത്തിലാണ് ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള പ്രീമിയർ റിസർച്ച് ആന്റ് ഡവലപ്മെന്റ് ഓർഗനൈസേഷനെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഏത് സ്വകാര്യ കമ്പനിക്കാണ് മരുന്ന് നിർമ്മിക്കാനുള്ള വിവരങ്ങൾ കൈമാറിയിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ഡ്രഗ് കൺട്രോളർ ജനറലിന്റെ അനുമതി മരുന്നിന് ലഭിക്കാത്തതാണ് ഇതിന് കാരണമായി ഡോ ശേഖർ ചൂണ്ടിക്കാണിക്കുന്നത്.








































