ജാർഖണ്ഡിലെ സാഹിബ് ഗഞ്ച് ജില്ലയിൽ നിന്നും ഗവേഷകർ കണ്ടെത്തിയത് ജുറാസിക് കാലത്തെ ചെടിയുടെ ഫോസിൽ. 150-200 ദശലക്ഷം വർഷം പഴക്കമുള്ള ചെടിയുടെ ഫോസിലാണ് കണ്ടെത്തിയത്.
ജില്ലയിലെ ദുദ്കോൽ പർവതമേഖലയിൽ നിന്നാണ് ഫോസിൽ കണ്ടെത്തിയത്. സ്ഥലത്ത് ഗേവഷണം തുടരുകയാണ്. സസ്യഭുക്കുകളായ ദിനോസറുകൾ ഭക്ഷിച്ചിരുന്ന തരം ഇലയാണ് കണ്ടെത്തിയതെന്ന് ശാസ്ത്രജ്ഞനായ രഞ്ജിത് കുമാർ സിങ് പറയുന്നു.
നേരത്തേയും ഇതേ സ്ഥലത്തു നിന്ന് ജുറാസിക് കാലത്തെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ദിനോസർ കാലത്തെ കൂടുതൽ ശേഷിപ്പുകൾ സ്ഥലത്ത് നിന്ന് ഇനിയും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഗവേഷകർ.
നാഷണൽ ബോട്ടാനിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കീഴിൽ രഞ്ജിത് കുമാർ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവിടെ ഗവേഷണം നടത്തുന്നത്. കഴിഞ്ഞ 12 വർഷമായി ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഇപ്പോൾ കണ്ടെത്തിയതുപോലുള്ള സംഭവം ഇതാദ്യമായാണെന്നും രഞ്ജിത് കുമാർ പറയുന്നു.