ഗാസിയാബാദ്: കലക്ട്രേറ്റിൽ വൈദ്യുതി പാഴാക്കിയത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജീവനക്കാരെ ശിക്ഷിച്ച് ജില്ലാ മജിസ്ട്രേറ്റ്. ഒരു മണിക്കൂറോളം ലൈറ്റും ഫാനും എസിയും ഇല്ലാതെ ജോലി ചെയ്യാനാണ് മജിസ്ട്രേറ്റിന്റെ ശിക്ഷ. വ്യാഴാഴ്ചയാണ് സംഭവം. ഗാസിയാബാദ് കളക്ട്രേറ്റ് ജീവനക്കാരാണ് വൈദ്യുതി പാഴാക്കിയത്. ജില്ലാ മജിസ്ട്രേറ്റ് അജയ് ശങ്കർ പാണ്ഡെയാണ് ജീവനക്കാർക്ക് ഇത്തരത്തിലൊരു ശിക്ഷ നൽകിയത്.
വ്യാഴാഴ്ച 9.30 ഓടെ കലക്ട്രേറ്റിൽ അപ്രതീക്ഷിത സന്ദർശനത്തിന് എത്തിയതായിരുന്നു മജിസ്ട്രേറ്റ്. അപ്പോഴായിരുന്നു വൈദ്യുതി പാഴാക്കൽ ശ്രദ്ധയിൽപ്പെട്ടത്. ഉദ്യോഗസ്ഥര്‍ വരുന്നതിന് മുമ്പ് തന്നെ രണ്ട് ഡസനിലധികം ഓഫീസുകളിൽ ലൈറ്റുകളും ഫാനുകളും എയർകണ്ടീഷണറുകളും ഓൺ ചെയ്തിട്ടിരിക്കുന്നതായി കണ്ടെത്തി.
ഇത് ദേശീയ പാഴാക്കലാണെന്നും സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാക്കുന്നതാണെന്നും കണക്കാക്കിയാണ് അദ്ദേഹം ഒരു മണിക്കൂറോളം വൈദ്യുതിയില്ലാതെ പ്രവർത്തിക്കാൻ ഉദ്യോഗസ്ഥരോട് ഉത്തരവിട്ടതെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസർ (ഡി.ഇ.ഒ) രാകേഷ് ചൗഹാൻ പറഞ്ഞു.
ഡിഎം തന്‍റെ ചേംബറിലെ ലൈറ്റുകളും ഫാനുകളും എയർകണ്ടീഷണറും ഓഫ് ചെയ്ത് വാതിലുകൾ തുറന്നിട്ടു. ഉദ്യോഗസ്ഥരും അത് ചെയ്തു. ഓഫീസുകൾ വൃത്തിയാക്കിയ ശേഷം ലൈറ്റുകൾ, ഫാനുകൾ, എയർകണ്ടീഷണറുകൾ എന്നിവ ഓഫ് ചെയ്യണമെന്ന് അദ്ദേഹം നിർദേശവും നൽകി.
ഓഫീസിൽ ആയിരിക്കുമ്പോൾ ലൈറ്റുകൾ, ഫാനുകൾ, എയർകണ്ടീഷണറുകൾ എന്നിവ ഓൺ ചെയ്യുകയും ഓഫീസിൽ നിന്ന് പുറത്തേക്ക് പോകുമ്പോള്‍ അവ ഓഫ് ചെയ്യുകയും വേണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മജിസ്ട്രേറ്റ് നിർദേശം നൽകി.










































