gnn24x7

ചെറിയ കുട്ടികൾക്ക് കടല കൊടുത്താൽ…

0
231
gnn24x7

ദുബൈ: ദുബൈ മെഡികെയർ ഹോസ്പിറ്റലിൽ നിന്നും ബ്രോഞ്ചോസ്കോപി സംവിധാനത്തിലൂടെ രണ്ടു വയസ്സുകാരന്റെ ശ്വാസകോശത്തിൽ നിന്നും ഒരു നിലക്കടല പുറത്തെടുത്ത ഞെട്ടലിലാണ് രക്ഷിതാക്കളും ഹോസ്പിറ്റൽ അധികൃതരും.

രണ്ടു ദിവസം മുമ്പ് കടല തിന്നുന്നതിനിടെ ചിരിച്ചപ്പോൾ ചുമക്കാൻ തുടങ്ങുകയും നിർത്താതെ ചുമച്ചപ്പോൾ പുറത്തു തട്ടി മാതാവ് ആശ്വസിപ്പിക്കുകയും ചെയ്തു. പിന്നീട് കുഞ്ഞിന് പനി വരുകയും ശ്രദ്ധിച്ച് നോക്കിയപ്പോൾ ശ്വസിക്കുന്നതിന് പ്രയാസം ഉള്ളതായി അനുഭവപ്പെടുകയും ചെയ്തു. എക്സറേ എടുത്തു നോക്കിയപ്പോൾ ഒന്നും കണ്ടെത്താൻ കഴിയാതെ വന്നതോടെ മെഡികെയർ ഹോസ്പിറ്റലിൽ എമർജൻസി വിഭാഗത്തിലേക്ക് കൊണ്ടുവരികയായിരുന്നു.

മാതാവിന്റെ വിവരണം കേട്ട ശേഷം കുട്ടിക്ക് ജനറൽ അനസ്തേഷ്യ നൽകി ബ്രോഞ്ചോസ്കോപ്പി സംവിധാനം ഉപയോഗപ്പെടുത്തി വായിലൂടെ ശ്വാസകോശത്തിന്റെ ഉള്ളിലേക്ക് ക്യാമറ കടത്തുകയും അതിനകത്ത് വലതുഭാഗത്ത് നിലകൊള്ളുന്ന കടല കണ്ടെത്തുകയും ഉപകരണത്തിലുള്ള സൂക്ഷ്മമായ കൈ ഉപയോഗിച്ച് പുറത്തെടുക്കുകയുമാണ് ചെയ്തതെന്ന് ഡോക്റ്റർ ജാബിർ പറഞ്ഞു.

ചെറിയ കുട്ടികൾക്ക് ഒരിക്കലും ഇത്തരം വസ്തുക്കൾ നൽകരുതെന്നും ഇത് നീക്കം ചെയ്തില്ലായിരുന്നുവെങ്കിൽ ശ്വാസകോശം വീങ്ങാനും ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകാനും ഇത് മതിയാകുമായിരുന്നു എന്നും അദ്ദേഹം സൂചിപ്പിച്ചു.

കുട്ടികൾക്ക് പ്രായത്തിന് യോജിച്ച ഭക്ഷണം നൽകണമെന്നും കടല പോലുള്ളത് നൽകുമ്പോൾ അത് പൊടിച്ചതിന് ശേഷമോ മറ്റോ നൽകണമെന്നും അദ്ദേഹം അറിയിച്ചു. ഓപ്പറേഷൻ കഴിഞ്ഞു കുട്ടി സുഖം പ്രാപിച്ചു വീട്ടിലേക്ക് തിരിച്ച് പോയതായും ആശുപത്രി അധികൃതർ അറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here