ന്യൂഡല്‍ഹി: ചൈനീസ് സംഭാവന സ്വീകരിച്ചുവെന്ന ആരോപണമുയര്‍ന്നതോടെ, കോൺഗ്രസ് നിയന്ത്രണത്തിലുള്ള മൂന്ന് ട്രസ്റ്റുകള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
അന്വേഷണത്തിനായി ഉന്നതതല സമിതി രൂപീകരിച്ചു. രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ (ആര്‍ജിഎഫ്), രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ്, ഇന്ദിരാ ഗാന്ധി മെമ്മോറിയില്‍ ട്രസ്റ്റ് എന്നിവയെക്കുറിച്ചുള്ള അന്വേഷണത്തിനായാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. അന്വേഷണ൦ ഏകോപിപ്പിക്കാന്‍ ഇന്റര്‍ മിനിസ്റ്റീരിയല്‍ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. ഇന്‍കം ടാക്സ്റ്റ് ആക്ട്, എഫ്‌സിആര്‍എ എന്നിവയുടെ അന്വേഷണം ഏകോപിപ്പിക്കാനാണ് കമ്മിറ്റിയെ രൂപീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സിബിഐയും അന്വേഷണ സമിതിയുടെ ഭാഗമാണ്.
കള്ളപ്പണം വെളുപ്പിക്കൽ നിയമം, ആദായനികുതി നിയമം, വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള നിയമം എന്നിവ ലംഘിച്ചുവെന്ന ആരോപണങ്ങളാണ് ട്രസ്റ്റുകള്‍ക്കെതിരെ ഉയര്‍ന്നിരിയ്ക്കുന്നത്.
മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗ്, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, പി ചിദംബരം എന്നിവരാണ് രാജീവ് ഗാന്ധി ഫൗണ്ടേഷനിലെ അംഗങ്ങൾ. സോണിയ ഗാന്ധിയാണ് രാജീവ് ഗാന്ധി ഫൗണ്ടേഷന്‍റെയും ചാരിറ്റബിൾ ട്രസ്റ്റിന്‍റെയും ചെയർപേഴ്സൺ. ഇന്ദിരാ ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിന്‍റെയും മേൽനേട്ട ചുമതല ചുമതല സോണിയ ഗാന്ധിക്കാണ്.
ഡല്‍ഹിയിലുള്ള ചൈനീസ് എംബസി രാജീവ് ഗാന്ധി ഫൗണ്ടേഷനിലേക്ക് സംഭാവന നല്‍കുന്നുവെന്ന് ബിജെപി കഴിഞ്ഞ മാസം ആരോപിച്ചിരുന്നു. ആര്‍ജിഎഫ് ഫൗണ്ടേഷന്റെ 2005-2006 കാലഘട്ടത്തിലെ വാര്‍ഷിക റിപ്പോര്‍ട്ട് അടക്കം ബിജെപി സോഷ്യല്‍ മീഡിയാ ടീം പുറത്തുവിട്ടിരുന്നു. ചൈനീസ് എംബസിയുടെ സംഭാവനയുടെ വിവരങ്ങള്‍ അടങ്ങുന്ന കണക്കുകളാണ് പുറത്തുവിട്ടത്. കൂടാതെ, യുപിഎ ഭാരണകാലത്ത് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ഫണ്ട് രാജീവ് ഗാന്ധി ഫൗണ്ടേഷനായി ചിലവഴിച്ചെന്നും ബിജെപി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചത്.