ന്യൂദല്‍ഹി: കൊവിഡ് മുക്തി കണക്കുകളില്‍ ഇന്ത്യക്ക് ആശ്വാസം. ബുധനാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 10 ലക്ഷം പേര്‍ ഇന്ത്യയില്‍ കൊവിഡ് രോഗമുക്തി നേടി. 1,58,730 കൊവിഡ് കേസുകളാണ് ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ചത്. ഇതില്‍ 1,019,297 പേര്‍ക്ക് രോഗം ഭേദമായി. രാജ്യത്തെ ആകെ കൊവിഡ് രോഗികളില്‍ 64.4 ശതമാനവും രോഗമുക്തി നേടി. 528,459 കൊവിഡ് ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. 33,236 പേര്‍ കൊവിഡ് ബാധിച്ചു മരിച്ചു.
രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയിലും ദല്‍ഹിയിലും തമിഴ്‌നാട്ടിലും രോഗമുക്തി നേടിയവരുടെ എണ്ണം ഉയര്‍ന്നു തന്നെയാണ്. ആകെ രോഗമുക്തിയുടെ 53 ശതമാനവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് തമിഴ്‌നാട്, മഹാരാഷ്ട്ര, ദല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണ്.
മരണനിരക്കും രാജ്യത്ത് കുറവാണ്. ബുധനാഴ്ച 2.23 ശതമാനമായിരുന്നു മരണ നിരക്ക്. മാര്‍ച്ചില്‍ രാജ്യത്ത് കൊവിഡ് വ്യാപനം നടന്നതിനു ശേഷമുള്ള 150 ദിവസങ്ങള്‍ക്കു ശേഷമാണ് രോഗമുക്തി നിരക്ക് ഉയരുന്നത്.





































