വഴിതെറ്റി എത്തിയ ചൈനീസ് പൗരൻമാർക്ക് രക്ഷയൊരുക്കി ഇന്ത്യൻ സൈന്യം. അതിർത്തിയിൽ സ്ഥിതിഗതികൾ രൂക്ഷമാകുന്നതിനിടെയാണ് ചൈനീസ് സംഘത്തിന് കൈത്താങ്ങായി ഇന്ത്യൻ സേന മാറിയത്. വടക്കൻ സിക്കിമിൽ ഇക്കഴിഞ്ഞ സെപ്റ്റംബർ മൂന്നിനാണ് സംഭവം.
വടക്കൻ സിക്കിമിലെ ഉയരമുള്ള പർവ്വതനിരകൾക്ക് സമീപത്താണ് വഴിതെറ്റി ചൈനീസ് ട്രക്കിങ് സംഘമെത്തിയത്. 175000 അടി ഉയരത്തിലുള്ള ഈ പ്രദേശത്ത് എത്തിയ ചൈനീസ് സംഘത്തിന് കൈവശം ഭക്ഷണം പോലുമില്ലായിരുന്നു. കൂടാതെ ഇത്രയും ഉയരത്തിൽ ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്തിരുന്നു. മരണത്തെ മുഖാമുഖം കണ്ട ചൈനീസ് സംഘത്തിന് സഹായഹസ്തവുമായി ഇന്ത്യൻ സേനാംഗങ്ങൾ അവിടേക്ക് എത്തുകയായിരുന്നു.
രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും ഉൾപ്പെടുന്ന ചൈനീസ് പൗരന്മാരുടെ ജീവൻ അപകടത്തിലാണെന്ന് മനസിലാക്കിയ ഇന്ത്യൻ സൈനികർ ഓക്സിജൻ, ഭക്ഷണം, വസ്ത്രങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വൈദ്യസഹായം എത്തിച്ചു നൽകി. അതിജീവിക്കാൻ ഏറെ ബുദ്ധിമുട്ടേറിയ കാലാവസ്ഥയിലാണ് ഇന്ത്യൻ സൈനികരുടെ സഹായം ലഭിച്ചത്.
വഴി മനസിലാക്കാനാകാതെ വിഷമിച്ചുനിന്ന സംഘത്തിന് ലക്ഷ്യസ്ഥാനത്ത് എത്താനുള്ള മാർഗനിർദേശം ഇന്ത്യൻ സേന നൽകുകയും ചെയ്തു. പെട്ടെന്നുള്ള സഹായത്തിന് ഇന്ത്യയോടും ഇന്ത്യൻ സൈന്യത്തോടും നന്ദി പറഞ്ഞാണ് ചൈനീസ് സംഘം മടങ്ങിയത്.





































