ന്യൂഡല്‍ഹി: JNU വില്‍ നടന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്. ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിയന്ത്രണത്തിലുള്ള ഡല്‍ഹി പോലീസിന്റെ നിരീക്ഷണത്തിലാണ് ഇതെല്ലാം സംഭവിച്ചതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.
കേന്ദ്രത്തിന്റെ ഗൂഢാലോചനയുടെ ഭാഗമായി JNU ക്യാമ്പസിലുണ്ടായ അക്രമങ്ങള്‍ക്ക് രാജ്യം മുഴുവന്‍ ഞായറാഴ്ച സാക്ഷിയായെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികളെയും അദ്ധ്യാപകരേയും ഗുണ്ടകള്‍ മര്‍ദിച്ചപ്പോള്‍ ഡല്‍ഹി പോലീസ് നോക്കിനിന്നുവെന്നും അദ്ദേഹം ആരോപിച്ചു. ജെഎന്‍യുവിലെ ആക്രമണങ്ങള്‍ നേരത്തെ ആസൂത്രണം ചെയ്തതാണെന്നും സുര്‍ജേവാല കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച വൈകിട്ട് 7:30 യോടെയാണ് മുഖം മൂടി ധരിച്ച 50 ഓളം പേരടങ്ങുന്ന സംഘം ആക്രമണം അഴിച്ചുവിട്ടത്. സംഘത്തില്‍ വനിതകളുമുണ്ടായിരുന്നു.
മുഖംമൂടി ധരിച്ച് ക്യാമ്പസിനുള്ളില്‍ കടന്നവരുടെ കൈയ്യില്‍ വടി, ഇരുമ്പ് കമ്പി എന്നിവയുണ്ടായിരുന്നെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ഇവര്‍ വിദ്യാര്‍ഥികളെയും അദ്ധ്യാപകരേയും ആക്രമിക്കുകയായിരുന്നു. ഹോസ്റ്റലുകളിലും ഗുണ്ടകള്‍ ആക്രമണം നടത്തി. മൂന്നു മണിക്കൂറോളം അക്രമികള്‍ JNU ക്യാമ്പസില്‍ അഴിഞ്ഞാടി. എന്നിട്ടും ചെറുവിരല്‍ അനക്കാന്‍ ഡല്‍ഹി പോലീസ് തയാറായില്ല എന്നും റിപ്പോര്‍ട്ട് ഉണ്ട്.
അക്രമത്തില്‍ വിദ്യാര്‍ഥി യൂണിയന് അദ്ധ്യക്ഷ ഐഷി ഘോഷിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തലയ്ക്കു പരിക്കേറ്റ എസ്എഫ്ഐ വനിതാ നേതാവായ ഐഷിയെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മുഖംമൂടി ധരിച്ചെത്തിയ ബിജെപി, എബിവിപി പ്രവര്‍ത്തകരാണു തന്നെ അക്രമിച്ചതെന്ന് ആശുപത്രിയിലേക്കു പോകുംവഴി ഐഷി ഘോഷ് പറഞ്ഞു.
തലയ്ക്കടിയേറ്റ ഐഷിയെ ചോരയില്‍ കുളിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്. മുഖം മറച്ചു വടികളുമായെത്തി അക്രമിക്കുന്നവരുടെ ഫോട്ടോകളും വീഡിയോ ദൃശ്യങ്ങളും ചില വിദ്യാര്‍ഥികള്‍ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ട്. ക്യാമ്പസില്‍ ഫീസ് വര്‍ദ്ധനവിനും രജിസ്ട്രെഷന് ബഹിഷ്ക്കരണത്തെയും ചൊല്ലി സംഘര്‍ഷം നടക്കുന്നതിനിടയിലാണ് മുഖം മൂടി ആക്രമണം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. മുഖംമൂടി ആക്രമണം നടക്കുന്നതിന് മുന്‍പും ക്യാമ്പസില്‍ എബിവിപി-എസ്എഫ്ഐ സംഘര്‍ഷം നടന്നിരുന്നുവെന്നാണ് സൂചന.