ഭോപ്പാല്‍: മധ്യപ്രദേശില്‍ വിവിധ നിയോജക മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കവേ മുന്‍ ബി.ജെ.പി മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ മന്ത്രി കെ.എല്‍ അഗര്‍വാളാണ് കോണ്‍ഗ്രസ് സംസ്ഥാന ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
എന്നാല്‍ കെ.എല്‍ അഗര്‍വാള്‍ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് മുന്‍ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ സാന്നിദ്ധ്യത്തില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതാണെന്ന് ബി.ജെ.പി ആരോപിച്ചു. എന്നാല്‍ ഈ ആരോപണത്തെ കെ.എല്‍ അഗര്‍വാള്‍ തള്ളിക്കളഞ്ഞു.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സിന്ധ്യയെ പിന്തുണക്കുക മാത്രമാണ് ചെയ്തത്. ഔദ്യോഗികമായി ആ സമയത്ത് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നില്ല. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് മന്ത്രിസഭയാണുണ്ടായിരുന്നത്. താന്‍ കരുതിയത് സിന്ധ്യ വിജയിക്കുകയും ബാമോറിയുടെ വികസനത്തിന് സഹായിക്കുകയും ചെയ്യുമെന്നാണ്. അദ്ദേഹം ശക്തിയില്ലാത്ത ഒരാളാണ്. തന്റെ തോല്‍വിയുടെ കാരണത്തെ കുറിച്ച് ആലോചിക്കാതെ ബി.ജെ.പിയില്‍ ചേരുകയാണ് ചെയ്തതെന്ന് അഗര്‍വാള്‍ പറഞ്ഞു.
അഗര്‍വാള്‍ നേരത്തെ ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാര്‍ അംഗമായിരുന്നു. 2013ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. 2018ല്‍ ബി.ജെ.പി സീറ്റ് നിഷേധിക്കുകയും സ്വതന്ത്രനായി അഗര്‍വാള്‍ മത്സരിക്കുകയും ചെയ്തിരുന്നു.






































