ന്യൂദല്‍ഹി: ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ മെയ് 3 ന് തീരുമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തീവ്രബാധിത മേഖലകളില്‍ ലോക്ക് ഡൗണ്‍തുടരേണ്ടി വരുമെന്നും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ ആശങ്ക വേണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
സംസ്ഥാനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. പത്ത് സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന ആവശ്യമാണ് മുന്നോട്ടുവെച്ചത്.
അതേസമയം മൂന്ന് സോണുകളിലും ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് വ്യത്യസ്ത നിലപാടുകളായിരിക്കും കേന്ദ്രം സ്വീകരിക്കുക. രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ നീട്ടണമോ എന്ന കാര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന ചര്‍ച്ച നടത്തിയത്.
രാജ്യത്തെ 13 നഗരങ്ങളില്‍ രോഗ വ്യാപനം ശക്തമാവുമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. മുംബൈ, അഹമ്മദാബാദ്, ഇന്ദോര്‍, പൂണെ, ജയ്പൂര്‍ , ഹൈദരാബാദ്, താനെ, സൂറത്ത്, ചെന്നൈ, ഭോപ്പാല്‍, ആഗ്ര, ജോധ്പൂര്‍ , ദല്‍ഹി എന്നീ നഗരങ്ങളിലാണ് രോഗബാധ തീവ്രമായിരിക്കുന്നത്.
കൊവിഡിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നീണ്ട യുദ്ധമാണ് വേണ്ടതെന്ന് നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. കൊവിഡുമായി ബന്ധപ്പെട്ട വിവിധ സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമന്ത്രി സന്തുഷ്ടി രേഖപ്പെടുത്തുകയും ചെയ്തു.
കേന്ദ്രനിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ആവശ്യപ്പെട്ടു.
അതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയനുമായി ടെലഫോണില്‍ സംസാരിച്ചിരുന്നു. ഘട്ടം ഘട്ടമായി ലോക്ക് ഡൗണ്‍ പിന്‍വലിക്കണമെന്നാണ് അമിത് ഷായോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.






































