ന്യൂഡൽഹി: ‘മെയ്ഡ് ഇൻ ഇന്ത്യ വെന്റിലേറ്റർ’ തയ്യാറായി. മേക്ക് ഇൻ ഇന്ത്യ മുന്നൊരുക്കങ്ങളുടെ ഭാഗമായി കേന്ദ്രസർക്കാർ രാജ്യത്തെ ആശുപത്രികളിലേക്ക് ഇന്ത്യയിൽ നിർമിച്ച വെന്റിലേറ്റർ നൽകി. ആദ്യഘട്ടത്തിൽ ഏകദേശം 3000 ആഭ്യന്തര വെന്റിലേറ്ററുകളാണ് വിവിധ സംസ്ഥാനങ്ങൾക്ക് കോവിഡ് പ്രതിരോധത്തിനായി നൽകിയത്.
കോവിഡ് 19 ബാധിച്ച് ഗുരുതരാവസ്ഥയിൽ എത്തിയ രോഗികൾക്ക് ജീവൻ നിലനിർത്താൻ വെന്റിലേറ്ററിന്റെ സഹായം ആവശ്യമാണ്. മെയ് ഒന്നിന് കേന്ദ്ര ആരോഗ്യമന്ത്രാലയം നടത്തിയ വാർത്താസമ്മേളനത്തിൽ ജൂൺ ഒന്നുവരെ 75,000 വെന്റിലേറ്ററുകളുടെ ആവശ്യമുണ്ടെന്ന് പറഞ്ഞിരുന്നു.
ഇതുവരെ രാജ്യത്ത് നിർമിച്ച 3000 വെന്റിലേറ്ററുകൾ വിവിധ സംസ്ഥാനങ്ങൾക്കായി വിതരണം ചെയ്തുകഴിഞ്ഞു. കുറച്ച് വെന്റിലേറ്ററുകൾ വിതരണത്തിന് തയ്യാറായി കഴിഞ്ഞതായും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ എ എൻ ഐയോട് പറഞ്ഞു. വരും ദിവസങ്ങളിൽ രാജ്യത്ത് ആഭ്യന്തര വെന്റിലേറ്റർ നിർമാണം കൂടുതൽ വേഗതയിൽ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.