ന്യൂദല്‍ഹി: ദല്‍ഹിയിലെ കൊവിഡ് മരണങ്ങള്‍ സര്‍ക്കാര്‍ മറച്ചുവെച്ചതായി റിപ്പോര്‍ട്ട്. ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ കണക്കുകളാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കുന്നത്.
ഇതുവരെ 2098 പേര്‍ കൊവിഡ് ബാധിച്ചു മരിച്ചെന്നാണ് വടക്കന്‍ ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും ബി.ജെ.പി നേതാവുമായ ജയ് പ്രകാശിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ വ്യാഴാഴ്ച വരെയുള്ള സംസ്ഥാന സര്‍ക്കാര്‍ കണക്കില്‍ മരണസംഖ്യ 1085 മാത്രമാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മൂന്നു മുനിസിപ്പല്‍ കോര്‍പ്പറേഷനുകളുടെയും പരിധിയില്‍ സംസ്‌കരിച്ച മൃതദേഹങ്ങളുടെ കണക്കുനിരത്തിയാണ് ജയ്പ്രകാശിന്റെ വെളിപ്പെടുത്തല്‍. മാര്‍ച്ച് മുതല്‍ ജൂണ്‍ പത്തു വരെയുള്ള കണക്കില്‍ 2098 പേര്‍ മരിച്ചു. കൊവിഡ് ബാധിച്ചു മരിച്ചതെന്നു സംശയിക്കുന്ന 200 പേരുടെ മൃതദേഹവും ഇതില്‍ ഉള്‍പ്പെടും.
സൗത്ത് കോര്‍പ്പറേഷനില്‍ 1080 പേരും നോര്‍ത്ത് കോര്‍പ്പറേഷനില്‍ 976 പേരും ഈസ്റ്റ് കോര്‍പ്പറേഷനില്‍ 42 പേരുമാണ് മരിച്ചത്. മൂന്ന് കോര്‍പ്പറേഷനുകളും ഭരിക്കുന്നത് ബി.ജെ.പിയാണ്.
മരണസംഖ്യ ശേഖരിച്ച് മേയ് 17-ന് മൂന്നു കോര്‍പ്പറേഷനുകളും സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. എന്തുകൊണ്ടാണ് യഥാര്‍ഥ കണക്കുകള്‍ സര്‍ക്കാര്‍ മറച്ചുവെക്കുന്നതെന്ന് അറിയില്ലെന്നും ജയ്പ്രകാശ് പറഞ്ഞു.
അതേസമയം അനാവശ്യ ആരോപണങ്ങള്‍ക്കുള്ള സമയമല്ല ഇപ്പോഴെന്ന് ദല്‍ഹി സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
‘മുതിര്‍ന്ന ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി ഒരു ഓഡിറ്റ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ദല്‍ഹി ഹൈക്കോടതിയും ഈ കമ്മിറ്റിയുടെ പ്രവര്‍ത്തനത്തെ അംഗീകരിച്ചിട്ടുണ്ട്. കൊവിഡ് ബാധിച്ച് ഒരു മരണം പോലും ഉണ്ടാകരുതെന്ന ലക്ഷ്യത്തിനായി എല്ലാവരും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ ആരോപണപ്രത്യാരോപണങ്ങള്‍ ഉയര്‍ത്തരുത്’, പ്രസ്താവനയില്‍ പറയുന്നു.