ന്യൂദല്‍ഹി: ഇന്ത്യയില്‍ മരുന്ന് ചേരുവകളുടെ ഉല്‍പാദനം തുടങ്ങാനുള്ള പദ്ധതി അവസാന ഘട്ടത്തില്‍. മരുന്ന് ചേരുവകള്‍ക്കായി ( active pharmaceutical ingreidienst) ചൈനയിലെ ആശ്രിതത്വം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് മരുന്ന് ചേരുവ ഉല്‍പാദനം ഇന്ത്യയില്‍ തുടങ്ങുന്നത്. പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പി.എല്‍.ഐ) എന്ന പദ്ധതിക്കായി 6940 കോടി രൂപയാണ് സര്‍ക്കാര്‍ എട്ടു വര്‍ഷക്കാലാടിസ്ഥാനത്തില്‍ ചെലവഴിക്കുന്നത്.
മാര്‍ച്ചിലാണ് പി.എല്‍.ഐ സ്‌കീമിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. ദ പ്രിന്റ് റിപ്പോര്‍ട്ട് പ്രകാരം ജൂണ്‍ മാസം തന്നെ പദ്ധതി തുടങ്ങും.
പ്രധാനപ്പെട്ട ആന്റി ബയോട്ടിക്കുകള്‍, എച്ച്.ഐ.വിക്കുള്ള മരുന്ന്, വിറ്റാമിന്‍, കാര്‍ഡിയോ മെഡിസിന്‍ എന്നിവക്കുള്ള അസംസ്‌കൃത വസ്തുക്കളാണ് ഇന്ത്യയില്‍ നിര്‍മിക്കാനൊരുങ്ങുന്നത്. ഇതു സംബന്ധിച്ച് ഇന്ത്യയിലെ 600 ഓളം കമ്പനികളെ അധികൃതര്‍ സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
മരുന്ന് ചേരുവകള്‍ക്കായി നിലവില്‍ പ്രധാനമായും ചൈനയെ ആണ് ഇന്ത്യ ആശ്രയിക്കുന്നത്. മരുന്നുകള്‍ നിര്‍മിക്കാനുള്ള ചേരുവകളുടെ 68 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുന്നത് ചൈനയില്‍ നിന്നാണ്.
മരുന്ന് ചേരുവകളുടെ ആഗോളവിതരണ ശൃംഖലകളുടെ വലിയോരു ഭാഗം കിടക്കുന്നത് ചൈനയിലാണ്. 7000 മരുന്ന് ചേരുവകളുടെ നിര്‍മാണ കമ്പനികളാണ് ചൈനയില്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലാവട്ടെ നിലവില്‍ 1500 കമ്പനികളും. ചൈനയിലേക്ക് ഇന്ത്യന്‍ മരുന്ന് കമ്പനികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം കുറഞ്ഞ ചെലവാണ്.
ജനുവരിയില്‍ ചൈനയില്‍ കൊവിഡ് കേസുകളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ വുഹാനില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും രാജ്യത്ത് നിയന്ത്രണ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. മരുന്ന് ചേരുവകള്‍ നിര്‍മിക്കുന്ന ഫാക്ടറികളും ചൈനയില്‍ അടച്ചിട്ടു. ഇത് വലിയ പ്രതിസന്ധിയാണ് ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്കുണ്ടാക്കിയത്.
നിര്‍മാണം നടത്താനുള്ള യോഗ്യതാമാനദണ്ഡങ്ങള്‍ ഉള്‍പ്പെടയുള്ള കാര്യങ്ങള്‍ പുരോഗമിച്ചു വരികയാണ്. തെരഞ്ഞെടുത്ത 136 നിര്‍മാതാക്കള്‍ക്കാണ് അനുമതി നല്‍കുക എന്നാണ് റിപ്പോര്‍ട്ട്.






































