ഡൽഹി: അടുത്ത വർഷം ജനുവരി ആദ്യ ആഴ്ച നടക്കുന്ന പ്രവാസി ഭാരതീയ ദിനത്തോടനുബന്ധിച്ച് നൽകുന്ന പ്രവാസി ഭാരതീയ ദിവസ് സമ്മാൻ അവാർഡ് ജൂറി കമ്മിറ്റിയിലേക്ക് പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലിയെ പ്രധാനമന്ത്രി നരേന്ദ്രമോദി നാമനിർദ്ദേശം ചെയ്തു.
അവാർഡ് ജൂറിയിലേക്ക് എം.എ. യൂസഫലി ഉൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള 5 വ്യക്തികളുടെ പേരാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് 2021 ലെ പ്രവാസി ഭാരതീയ ദിവസ് സമ്മാൻ അവാർഡ് ഓണ്ലൈനിലൂടെയാണ് പ്രഘ്യാപിക്കുന്നത്.
ഇന്ത്യയിലോ വിദേശത്തോ വിവിധ മേഖലകളിൽ പ്രാവിണ്യം തെളിയിച്ച വിദേശ ഇന്ത്യാക്കാർക്ക് നൽകുന്ന ബഹുമതിയാണ് പ്രവാസി ഭാരതീയ സമ്മാൻ അവാർഡ്. യൂസുഫാലിയെ കൂടാതെ, പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റി മാത്തമാറ്റിക്സ് പ്രൊഫസർ മജ്‌നുലാൽ ഭാർഗവ, ഉഗാണ്ട കിബോകോ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ബി.എസ്. രമേശ് ബാബു, അന്തർ രാഷ്ട്ര സഹായോഗ് പരിഷത്ത് (ഇന്ത്യൻ കൗൺസിൽ ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ) സെക്രട്ടറി ശ്യാം പരന്ദെ, ഇന്റൽ ഇന്ത്യ കൺട്രി ഹെഡ് നിവൃതി റായ് എന്നിവരാണ് മറ്റ് നോമിനികൾ.

































