മുംബൈ: രാജ്യത്തെ കോടീശ്വരനായ മുകേഷ് അംബാനിയുടെ ആസ്തിയില്‍ ഇടിവ്. രണ്ടുമാസംകൊണ്ട് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയുടെ ആസ്തിയില്‍ ഇടിവുണ്ടായത് 28 ശതമാനമെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് 31 വരെയുള്ള കണക്ക് പ്രകാരം 300 മില്യണ്‍ യു.എസ് ഡോളര്‍ (2281 കോടി രൂപ) 48 ബില്യണ്‍ ഡോളറായി കുറഞ്ഞു.
ഓഹരി വിപണിയിലെ ഇടിവാണ് അംബാനിയുടെ ആസ്തിയെ പിടിച്ചുലച്ചിരിക്കുന്നത്. ഹുരൂണ്‍ ഗ്ലോബല്‍ സമ്പന്നപ്പട്ടികയില്‍നിന്നും അംബാനി താഴേക്ക് പതിച്ചു. ആഗോള റാങ്കില്‍ എട്ടാമതുണ്ടായിരുന്ന അംബാനിക്ക് ഇപ്പോള്‍ 17ാം സ്ഥാനമാണുള്ളത്.
ഇന്ത്യന്‍ വ്യവസായിയായ ഗൗതം അദാനിയുടെ ആസ്തിയിലും കുറവ് വന്നിട്ടുണ്ട്. 37 ശതമാനത്തിന്റെ കുറവാണ് അദാനി നേരിട്ടുകൊണ്ടിരിക്കുന്നത്. എച്ച്.സി.എല്‍ ടെക്‌നോളജിയുടെ ശിവ് നദാറും ബാങ്കറായ ഉദയ് കൊട്ടകും ഇടിവ് നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇവരു മൂന്നുപേരും ആദ്യ നൂറുപേരുടെ പട്ടികയില്‍നിന്നും പുറത്തായി. അംബാനി മാത്രമാണ് ഇനി തുടരുന്ന ഇന്ത്യക്കാരന്‍.
ആമസോണിന്റെ ജെഫ് ബെസോസ് ആണ് ലോക സമ്പന്ന പട്ടികയില്‍ ഒന്നാമനായി തുടരുന്നത്. കഴിഞ്ഞ രണ്ട് മാസങ്ങളില്‍ ഒമ്പത് ശതമാനത്തിന്റെ ഇടിവ് മാത്രമാണ് ജെഫ് ബെസോസിന്റെ ആസ്തിയില്‍ ആകെ ഉള്ളത്.