ഭോപ്പാല്‍: മധ്യപ്രദേശില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയും 21 എം.എല്‍.എമാരും രാജിവെച്ചതിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ച് കോണ്‍ഗ്രസ്. മുകുള്‍ വാസ്‌നിക്, ദീപക് ബാബ്‌റിയ, ഹരീഷ് റാവത്ത് എന്നിവരാണ് സമിതിയിലുള്ളത്.
ഇതിന് പുറമേ ഇടഞ്ഞു നില്‍ക്കുന്ന നേതാക്കളുമായി സംസാരിക്കുന്നതിന് സജ്ജന്‍സിഗം വര്‍മ്മ, ഗോവിന്ദ് സിങ് എന്നീ മുതിര്‍ന്ന നേതാക്കളെയും ചുമതലപ്പെടുത്തി.
എം.എല്‍.എമാര്‍ രാജിവെച്ചതോടെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി. 230 അംഗ നിയമസഭയില്‍ നിലവില്‍ 228 എം.എല്‍.എമാരാണുള്ളത്. 22 എം.എല്‍.എമാര്‍ രാജിവെച്ചതോടെ നിലവില്‍ 206 ആണ് നിയമസഭയിലെ അംഗബലം. 
ഭൂരിപക്ഷം തെളിയിക്കാന്‍ 104 പേരുടെ പിന്തുണയാണ് കമല്‍നാഥ് സര്‍ക്കാരിന് വേണ്ടത്. എം.എല്‍.എമാര്‍ രാജിവെച്ചതോടെ 92 കോണ്‍ഗ്രസ് എം.എല്‍.എമാരാണ് കമല്‍നാഥ് സര്‍ക്കാരിനൊപ്പമുള്ളത്. രണ്ട് ബി.എസ്.പി എം.എല്‍.എമാരുടേയും ഒരു എസ്.പി എം.എല്‍.എയുടേയും നാല് സ്വതന്ത്രരുടേയും പിന്തുണ കൂടി കമല്‍നാഥിന് നിലവിലുണ്ട്.
                









































