ന്യൂഡൽഹി: നിർഭയകേസിൽ ഇന്ന് രാവിലെ 5.30 ന് തൂക്കിലേറ്റിയ നാല് പ്രതികളുടെയും മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ദീൻ ദയാൽ ഉപാധ്യയ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകുമെന്ന് തിഹാർ ജയിൽ ഡയറക്റ്റർ ജനറൽ സന്ദീപ് ഗോയൽ പറഞ്ഞു.
പ്രതികളായ അകക്ഷയ് സിങ് താക്കൂർ, പവൻ ഗുപ്ത, വിനയ് ശർമ, മുകേഷ് സിങ് എന്നിവരുടെ മൃതദേഹങ്ങൾ രാവിലെ 8.20 നാണ് ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോയത്. 2014 ലെ സുപ്രീം കോടതി വിധിയുടെ വെളിച്ചത്തിലാണ് പോസ്റ്റ് മോർട്ടം നടപടികൾ നടക്കുക. തൂക്കിലേറ്റുന്നവർ ശ്വാസംമുട്ടിയോ പിരടി തകർന്നോ മരണപ്പെടാറുണ്ട്. ഇതടക്കം പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തേണ്ടതുണ്ട്.
2012 ലാണ് ഡൽഹിയിൽ ഒരു പെൺകുട്ടിയെ ആറുപേർ േചർന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. രാത്രി ഒാടുന്ന ബസിലായിരുന്നു ആരുടെയും കരൾ പിളർക്കുന്ന ആ ക്രൂരത. പ്രതികളിൽ ഒരാളെ വിചാരണക്കിടെ ജയിലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. മറ്റൊരു പ്രതിക്ക് പ്രയാപൂർത്തികാത്തതിനാൽ ജുവനൈൽ കോടതിയിലാണ് വിചാരണ നടത്തിയത്. ഏറ്റവും അധികം ക്രൂര പീഡനം നടത്തിയത് ഈ പ്രതിയാണെന്നായിരുന്നു അന്വേഷണ സംഘം കണ്ടെത്തിയത്. മൂന്ന് വർഷത്തെ തടവ് ശിക്ഷക്ക് ശേഷം ഇയാളെ വിട്ടയച്ചു. ശേഷിച്ച നാലുപേരെയാണ് ഇന്ന് രാവിലെ 5.30 ന് തിഹാർ ജയിലിൽ തൂക്കിേലറ്റിയത്.







































