ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ കുറ്റവാളികളുടെ വധശിക്ഷ നീട്ടിയ പട്യാല ഹൗസ് കോടതി ഉത്തരവിനെതിരെയുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
കേന്ദ്രസര്‍ക്കാരാണ് ഹര്‍ജി നല്‍കിയത്. നിയമം ദുരുപയോഗം ചെയ്ത് ശിക്ഷ നീട്ടിക്കൊണ്ടു പോകാന്‍ പ്രതികള്‍ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയാണ് ഇന്ന് പരിഗണിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
വധശിക്ഷ നീട്ടിവെച്ച് പ്രതികള്‍ രാജ്യത്തെ നിയമ വ്യവസ്ഥയെ പരിഹസിക്കുകയാണെന്ന് തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു. മാത്രമല്ല ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് കൊടും കുറ്റവാളികള്‍ രാജ്യത്തിന്‍റെ ക്ഷമ പരീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഹര്‍ജിയില്‍ തിഹാര്‍ ജയില്‍ അധികൃതർക്കും കുറ്റവാളികൾക്കും ജയില്‍ ഡിജിപിയ്ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഉച്ചതിരിഞ്ഞ് മൂന്നു മണിക്കാണ് ഹർജി പരിഗണിക്കുന്നത്.
നിര്‍ഭയ കേസില്‍ കഴിഞ്ഞ ദിവസമാണ് പ്രതികളുടെ വധശിക്ഷ പട്യാല ഹൗസ് കോടതി സ്റ്റേ ചെയ്തത്. വധശിക്ഷ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത, അക്ഷയ് കുമാര്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി.
ഒരു കേസില്‍ ഒന്നിലേറെപ്പേര്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടാല്‍ എല്ലാവര്‍ക്കും നിയമപരമായ പരിഹാര മാര്‍ഗങ്ങള്‍ തേടിയ ശേഷം മാത്രമേ ശിക്ഷ നടപ്പാക്കാവൂ എന്ന ജയില്‍ ചട്ടം വ്യക്തമാക്കി കൊണ്ടാണ് കോടതി മരണ വാറണ്ട് സ്റ്റേ ചെയ്തത്.
എന്നാല്‍ ഫെബ്രുവരി ഒന്നായ ഇന്ന് പ്രതികളെ തൂക്കിലേറ്റാനുള്ള എല്ലാ തയ്യാറെടുപ്പുകളും ജയില്‍ അധികൃതര്‍ സ്വീകരിച്ചിരുന്നു. കോടതി ഉത്തരവ് അനുസരിച്ച് നാലു പ്രതികളേയും ഒരുമിച്ച് വേണം തൂക്കിലേറ്റാന്‍.
2012 ഡിസംബര്‍ 16 നാണ് 23 വയസ്സുള്ള പാരാമെഡിക്കൽ വിദ്യാർത്ഥിനി ഡല്‍ഹിയില്‍ ബസ്സിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത്. പീഡനശേഷം നഗ്നയാക്കിയ യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും ആക്രമികൾ വഴിയില്‍ തള്ളിയിരുന്നു.
ക്രൂരമായ ബലാത്സംഗത്തിനിടെ ആന്തരികാവയവങ്ങൾക്ക് ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടർന്ന് ഡല്‍ഹി സഫ്ദർജംഗ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെൺകുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഡിസംബര്‍ 29 ന് പെണ്‍കുട്ടിയുടെ മരണം സംഭവിക്കുകയായിരുന്നു.
നിര്‍ഭയയുടെ അമ്മ കഴിഞ്ഞ എട്ടു വര്‍ഷമായി പ്രതികളുടെ ശിക്ഷയ്ക്കായി കനത്ത നിയമ പോരാട്ടം നടത്തുകയാണ്. തന്‍റെ മകള്‍ക്ക് നീതി ലഭിക്കണമെന്നാണ് ആ അമ്മ ആവശ്യപ്പെടുന്നത്.