ന്യൂഡൽഹി: വധശിക്ഷ നടപ്പിലാക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ ശിക്ഷയ്ക്ക് സ്റ്റേ ആവശ്യപ്പെട്ട് നിർഭയ കേസ് പ്രതികൾ. അക്ഷയ് സിങ്, പവന്‍ കുമാര്‍ ഗുപ്ത എന്നിവരാണ് ഡൽഹി കോടതിയെ സമീപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഇവർ കോടതിയിൽ ഹർജി സമർപ്പിച്ചത്. തന്റെ ദയാഹർജി രാഷ്ട്രപതിയുടെ പരിഗണനയിലിരിക്കുകയാണെന്നാണ് വിധി സ്റ്റേ ചെയ്യാൻ കാരണമായി മുകേഷ് സിംഗ് ചൂണ്ടിക്കാട്ടുന്നത്. രാഷ്ട്രപതി തള്ളിക്കളഞ്ഞ മുൻദയാഹർജിയില്‍ മുഴുവന്‍ വസ്തുതകളും ഉണ്ടായിരുന്നില്ലെന്നും ഇയാൾ ആരോപിക്കുന്നു.
തന്റെ തിരുത്തൽ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് മറ്റൊരു പ്രതിയായ പവൻ ഗുപ്തയുടെ ഹർജി.എന്നാൽ ഇതിനിടെ പ്രതികൾ വീണ്ടും സമർപ്പിച്ച ഹർജിയിൽ തിഹാർ ജയിലിൽ അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ് കോടതി. മാർച്ച് രണ്ടിന് മുമ്പ് വിശദീകരണം നൽകണമെന്നാണ് നിർദേശം.
ദയാഹർജി സമർപ്പിച്ചും തിരുത്തൽ ഹർജി നൽകിയും പലപ്പോഴായി ശിക്ഷ നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമത്തിലാണ് പ്രതികൾ. മുകേഷ് കുമാര്‍ സിംഗ്, വിനയ് കുമാർ ശര്‍മ, അക്ഷയ് കുമാർ എന്നിവരുടെ ദയാഹർജികൾ രാഷ്ട്രപതി നേരത്തെ തള്ളിയിരുന്നു. ദയാഹര്‍ജി തള്ളിയത് ചോദ്യം ചെയ്ത് വിനയ് കുമാറും മുകേഷ് കുമാറും സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അവിടെയും തള്ളപ്പെട്ടിരുന്നു.








































