ന്യൂഡല്‍ഹി: നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ വെവ്വേറെ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ഫെബ്രുവരി 11ലേയ്ക്ക് മാറ്റി.
ഇതേ ആവശ്യവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
മുന്‍പ് ഡല്‍ഹി ഹൈക്കോടതി ഹര്‍ജി പരിഗണിച്ച അവസരത്തില്‍, പ്രതികള്‍ ബോധപൂർവ്വം വിധി നടപ്പാക്കുന്നതില്‍ കാലതാമസം വരുത്തുകയാണ് എന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആരോപിച്ചിരുന്നു. വധശിക്ഷ നടപ്പാക്കുന്നത് ഇനിയും വൈകിക്കരുത് എന്ന് സൂചിപ്പിച്ച സോളിസിറ്റർ ജനറൽ പ്രതികള്‍ നീതിന്യായ വ്യവസ്ഥയെ ദുരുപയോഗം ചെയ്യുകയാണ് എന്ന് ആരോപിച്ചു. അതിനു തെളിവായി അദ്ദേഹം ഇതുവരെ പ്രതികള്‍ നടത്തിയ എല്ലാ നീക്കങ്ങളുമടങ്ങിയ ചാർട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കൂടാതെ കുറ്റവാളികള്‍ നിയമം ദുരുപയോഗം ചെയ്യുന്നുവെന്ന് ഇവരുടെ മനോഭാവത്തിൽ നിന്ന് വ്യക്തമാണെന്നും തുഷാർ മേത്ത കോടതിയെ അറിയിച്ചു.
പ്രതികൾ കണക്കുകൂട്ടിയുള്ള നീക്കങ്ങളാണു നടത്തുന്നത് എന്നും പ്രതികളിലൊരാളായ പവൻ ഗുപ്ത തിരുത്തൽ ഹർജിയും ദയാഹർജിയും നൽകാതിരിക്കുന്നതു മനഃപൂർവമാണെന്നും നിയമ നടപടി പൂർത്തിയായവർക്കു വധശിക്ഷ നടപ്പാക്കണമെന്നും തുഷാർ മേത്ത ആവശ്യപ്പെട്ടിരുന്നു.
കേസിലെ 4 പ്രതികളില്‍ പവന്‍ ഗുപ്ത ഇതുവരെ ദയാഹര്‍ജിയും തിരുത്തൽ ഹർജിയും നല്‍കിയിട്ടില്ല. മറ്റ് മൂന്ന് പേരുടെയും എല്ലാ വിധ നിയമ പരിരക്ഷയും അവസാനിച്ചിരിക്കുകയാണ്.