ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷ കാത്ത് കിടക്കുന്ന പ്രതികളില്‍ ഒരാളായ വിനയ് ശര്‍മ്മ ജയിലിനുള്ളില്‍ സ്വയം പരിക്കേല്‍പ്പിച്ചതായി റിപ്പോര്‍ട്ട്.
ജയിൽ മുറിയുടെ ഭിത്തിയിൽ തലയിടിച്ച് ആത്മഹത്യക്ക് ശ്രമിച്ച വിനയ് പരിക്കുകളോടെ രക്ഷപ്പെട്ടു. ദേശീയ മാധ്യമങ്ങളാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഫെബ്രുവരി 16നായിരുന്നു സംഭവം. തല ഭിത്തിയിൽ ഇടിക്കുന്നതു കണ്ട അധികാരികൾ ഇയാളെ തടയുകയും പരുക്കിന് ചികിത്സ നൽകുകയും ചെയ്തു. വിനയ് ശർമ്മ ജയിലിൽ നിരാഹാരം അനുഷ്ടിക്കുകയാണെന്ന് പ്രതിയുടെ അഭിഭാഷകൻ നേരത്തെ പറഞ്ഞിരുന്നു.
“വിനയ് ശർമയുടെ മാനസിക നില ശരിയല്ല, മാനസിക പീഡനത്തെത്തുടർന്ന് വിനയ് “mental trauma” യിലൂടെകടന്ന് പോകുകയാണ്. ഈയവസ്ഥയില്‍ തന്‍റെ കക്ഷിയെ തൂക്കിക്കൊല്ലാൻ കഴിയില്ല. ജയിലില്‍ മനോരോഗ വിദഗ്ദ്ധന്‍ തന്‍റെ കക്ഷിയെ നിരന്തരം പരിശോധിക്കുന്നുവെന്നും മരുന്നുകൾ നൽകി വരുന്നുണ്ട്”, അഭിഭാഷകന്‍ എ പി സിംഗ് കോടതിയില്‍ പറഞ്ഞിരുന്നു.
ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥ അനുസരിച്ച് തൂക്കിക്കൊല്ലുന്ന സമയത്ത്, കുറ്റവാളികൾ ശാരീരികമായും മാനസികമായും ആരോഗ്യമുള്ളവരായിരിക്കണം, ഒരു രോഗവും ഉണ്ടാകരുത്. ഈ പഴുതാണ് വിനയ് ശര്‍മ്മയ്ക്കു വേണ്ടി അഭിഭാഷകന്‍ എപി സിംഗ് ഉപയോഗിച്ചത്.
നിർഭയ കേസിലെ പുതിയ മരണ വാറണ്ട് അനുസരിച്ച് മാര്‍ച്ച് 3ന് കേസിലെ 4 പ്രതികളേയും തൂക്കിലേറ്റും. ഈ കേസില്‍ പുറപ്പെടുവിച്ച മൂന്നാമത്തെ മരണ വാറണ്ടാണിത്.
ഈ കേസില്‍ ഇതിനോടകം ഡല്‍ഹി പട്യാല ഹൗസ് കോടതി പുറപ്പെടുവിച്ച രണ്ട് മരണ വാറണ്ടുകള്‍ കേസിലെ ചില പ്രതികളുടെ നിയമ പരിരക്ഷ നിലനിന്നതിനാല്‍ നടപ്പാകാതെ വരികയായിരുന്നു.
കേസിലെ 4 പ്രതികളില്‍ പവന്‍ ഗുപ്ത ഇതുവരെ ദയാഹര്‍ജിയും തിരുത്തൽ ഹർജിയും നല്‍കിയിട്ടില്ല. മറ്റ് മൂന്ന് പേരുടെയും എല്ലാ വിധ നിയമ പരിരക്ഷയും അവസാനിച്ചിരിക്കുകയാണ്. മാര്‍ച്ച് മൂന്നിന് രാവിലെ ആറ് മണിക്കാണ് ശിക്ഷ നടപ്പാക്കണമെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ധര്‍മേന്ദ്ര റാണയുടെ ഉത്തരവ്.








































