gnn24x7

2027-ഓടെ ഡീസൽ കാറുകൾ നിരോധിക്കണമെന്ന് റിപ്പോർട്ട്; തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്രം

0
196
gnn24x7

അന്തരീക്ഷ മലിനീകരണം തടയുന്നതിനായി 2027-ഓടെ ഡീസലിൽ പ്രവർത്തിക്കുന്ന നാലുചക്രവാഹനങ്ങൾ നിരോധിക്കണമെന്ന് നിർദേശിക്കുന്ന റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം എനർജി ട്രാൻസിഷൻ കമ്മിറ്റി കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് മുന്നിൽ സമർപ്പിച്ചത്. മുൻ പെട്രോളിയം സെക്രട്ടറി തരുൺ കപൂർ അധ്യക്ഷനായ ഉപദേശക സമിതിയുടെ റിപ്പോർട്ടിലായിരുന്നു ഇക്കാര്യം നിർദേശിച്ചിരുന്നത്. എന്നാൽ, ഇത് സംബന്ധിച്ച തീരുമാനം എടുത്തിട്ടില്ലെന്നാണ് കേന്ദ്ര സർക്കാർ നിലപാട്.

എനർജി ട്രാൻസിഷൻ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് നിരവധി മന്ത്രാലയങ്ങളുമായും സംസ്ഥാന സർക്കാരുകൾ പോലെ വിവിധ പങ്കാളികളുമായും ബന്ധപ്പെട്ട നടപ്പിലാക്കേണ്ട ഒന്നാണ്. ഇത് സംബന്ധിച്ച് വകുപ്പുകൾ തമ്മിലോ മറ്റ് മേഖലകളുമായി ബന്ധപ്പെട്ടോ ചർച്ചകൾ പോലും ആരംഭിക്കാൻ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഈ റിപ്പോർട്ടിൽ തീരുമാനവും സ്വീകരിച്ചിട്ടില്ലെന്നാണ് പെട്രോളിയം ആൻഡ് നാച്വറൽ ഗ്യാസ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിലെ ഇന്ധന ഉപയോഗത്തിന്റെ 40 ശതമാനവും ഡീസലാണെന്നാണ് റിപ്പോർട്ട്. ട്രാൻസ്പോർട്ടേഷൻ മേഖലയിൽ 80 ശതമാനവും ഡീസലാണ് ഉപയോഗിക്കുന്നത്. എന്നാൽ, മലിനീകരണ മുക്തമായ ഗതാഗത സംവിധാനത്തിനായി യാത്ര വാഹനങ്ങളും ചരക്ക് വാഹനങ്ങളും സി.എൻ.ജി, എൽ.എൻ.ജി. പോലുള്ള ഇന്ധനങ്ങളിലേക്കും ഇലക്ട്രിക് കരുത്തിലേക്കും മാറണമെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ടിൽ നിർദേശിച്ചിരിക്കുന്നത്.

നിലവിൽ 6.2 ശതമാനം സി.എൻ.ജി. വാഹനങ്ങൾ മാത്രമാണ് ഇന്ത്യയിലുള്ളത്. 2030-ഓടെ ഇത് 15 ശതമാനമാക്കി ഉയർത്തുകയാണ് ലക്ഷ്യം. അതിനാൽ രണ്ടുമാസം ഉപയോഗിക്കാനുള്ള സി.എൻ.ജി. നേരത്തേ സംഭരിച്ചുവെക്കാനുള്ള സംവിധാനങ്ങൾ ഒരുക്കാനുള്ള പദ്ധതികൾ സർക്കാർ ഒരുക്കണമെന്നും നിർദേശമുണ്ട്. സമിതിയുടെ നിർദേശങ്ങൾ നടപ്പാക്കാൻ പെട്രോളിയം മന്ത്രാലയം കേന്ദ്ര മന്ത്രിസഭയുടെ അനുമതി തേടുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/JhxiciOJCEF28fswCzOCIB

gnn24x7